കല്ലമ്പലം: കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന ശക്തമായ മഴയിൽ കല്ലമ്പലം മേഖലകളിൽ വ്യാപക നാശം. കരവാരം, നാവായിക്കുളം, മണമ്പൂർ, ഒറ്റൂർ വില്ലേജ് ഓഫീസുകളുടെ പരിധിയിലുള്ള സ്ഥലങ്ങളിലാണ് മഴ വ്യാപക നാശം വിതച്ചത്. വീടുകൾ ഭാഗീകമായി തകർന്നു. കിണറുകൾ ഇടിഞ്ഞു താഴ്ന്നു. കൃഷിയിടങ്ങൾ വെള്ളം കയറി വ്യാപകമായി നശിച്ചു. കരവാരം വില്ലേജിൽ പുതുശ്ശേരിമുക്ക് കോട്ടാമല കൊടിവിളാകത്ത് വീട്ടിൽ ആർ.അജിതയുടെ വീട് കഴിഞ്ഞ ദിവസത്തെ മഴയിൽ തകർന്നു. ആളപായമില്ല. ഇവരെ തൊട്ടടുത്ത ബന്ധു വീട്ടിൽ മാറ്റി പാർപ്പിച്ചു. നാവായിക്കുളം വില്ലേജിൽ വെട്ടിയറ ആലുംകുന്ന് ലക്ഷം വീട് കോളനിയിൽ വിത്തണിയുടെ മണ്ണുകൊണ്ട് നിർമ്മിച്ച ഒറ്റമുറി വീട് ഇന്നലെ ഉച്ചയോടെ തകർന്നു വീണു. വിത്തണി അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. നാവായിക്കുളം കാവിൽ വീട്ടിൽ ഓമന അമ്മയുടെ കിണർ ഇടിഞ്ഞു താഴ്ന്നു. നാവായിക്കുളം തുണ്ടിൽ വീട്ടിൽ പൗർണ്ണമിയുടെ വീട് തകർന്നു. മണമ്പൂർ വില്ലേജിൽ തെഞ്ചേരികോണം മൂഴിവിളാകത്ത് വീട്ടിൽ വിജയമ്മയുടെ വീടിനു മുന്നിലെ കിണർ ഇന്നലെ ഉഗ്ര ശബ്ദത്തോടെ ഇടിഞ്ഞു താഴ്ന്നു. ഒറ്റൂർ വില്ലേജിലെ വെട്ടിമൺകോണം കല്ലാംപൊറ്റ പുത്തൻ വീട്ടിൽ ലതികയുടെ വീട് ഇന്നലത്തെ മഴയിൽ ഭാഗീകമായി തകർന്നു. ഗ്രാമീണ മേഖലയിൽ വ്യാപകമായി കൃഷി നാശം സംഭവിച്ചു. നെൽപ്പാടങ്ങൾ വെള്ളത്തിനടിയിലായി. വാഴ, മരച്ചീനി, വെണ്ട, ചീര തുടങ്ങിയ കൃഷികളും നശിച്ചു. നാശ നഷ്ടങ്ങൾ സംഭവിച്ച സ്ഥലങ്ങളും വീടുകളും അതാത് വില്ലേജുകളിലെ ഉദ്ധ്യോഗസ്ഥർ സന്ദർശിച്ച് മേൽനടപടികൾ സ്വീകരിച്ചു.
ഫോട്ടോകൾ:
1. കരവാരം വില്ലേജിൽ പുതുശ്ശേരിമുക്ക് കോട്ടാമല കൊടിവിളാകത്ത് വീട്ടിൽ ആർ.അജിതയുടെ വീട് തകർന്ന നിലയിൽ
2.നാവായിക്കുളം വില്ലേജിൽ വെട്ടിയറ ആലുംകുന്ന് ലക്ഷം വീട് കോളനിയിൽ വിത്തണിയുടെ ഒറ്റമുറി വീട് തകർന്ന നിലയിൽ
3. മണമ്പൂർ വില്ലേജിൽ തെഞ്ചേരികോണം മൂഴിവിളാകത്ത് വീട്ടിൽ വിജയമ്മയുടെ വീടിനു മുന്നിലെ കിണർ ഇടിഞ്ഞു താഴ്ന്ന നിലയിൽ
