കോൺഗ്രസിന്റെ റോഡ് ഉപരോധ സമരത്തിനെതിരെ നടൻ ജോജു ജോർജിന്റെ രോഷ പ്രകടനം

കൊച്ചി∙ ഇന്ധന വിലവർധനയ്ക്കെതിരായ കോൺഗ്രസിന്റെ റോഡ് ഉപരോധ സമര‍ ത്തിനെതിരെ നടൻ ജോജു ജോർജിന്റെ രോഷ പ്രകടനം. അരമണിക്കൂറിൽ ഏറെയായി ഇടപ്പള്ളി മുതൽ വൈറ്റില വരെയുള്ള റോഡിന്റെ ഇടതു ഭാഗം അടച്ചിട്ട് പ്രതിഷേധ സമരം നടത്തുന്നതിന് എതിരെയാണ് ജോജുവിന്റെ പ്രതിഷേധം. ദേശീയ പാതയിൽ വൻ ഗതാഗത തടസമാണ് ഉണ്ടായിരിക്കുന്നത്. ഇതിനെതിരെ റോഡിൽ ഇറങ്ങിയ ജോജുവും സമരത്തെ അനുകൂലിക്കുന്നവരും തമ്മിൽ വാക്കു തർക്കമുണ്ടായി. രോഗികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ ഏറെ നേരം വഴിയില്‍ കുടുങ്ങിയതോടെയാണ് ജോജു ഉള്‍പ്പെടെ നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. തുടര്‍ന്ന് പൊലീസ് എത്തി ആളുകളെ ഒഴിപ്പിച്ചു.

രണ്ട് മണിക്കൂറോളമായി ആളുകൾ കഷ്ടപ്പെടുകയാണെന്നും താൻ ഷോ കാണിക്കാൻ വന്നതല്ലെന്നും ജോജു മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് കൂടുതലായി ഒന്നും പറയാനില്ലെന്നും സമരം ചെയ്യുന്നവരോടാണ് ചോദ്യങ്ങൾ ചോദിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ, കാശുണ്ടായത് കൊണ്ടാണ് ജോജു ജോർജ് ഇത്തരത്തിൽ പ്രതികരിക്കുന്നതെന്ന് സമീപത്തുനിന്ന് ഒരാൾ വിളിച്ചുപറയുന്നുണ്ടായിരുന്നു. താൻ പണിയെടുത്താണ് കാശുണ്ടാക്കുന്നതെന്നായിരുന്നു ഇതിന് ജോജു നൽകിയ മറുപടി.

തുടർച്ചയായി ഉണ്ടാകുന്ന ഇന്ധനവില വർധനയ്ക്കെതിരെയാണ് കോൺഗ്രസ് പ്രത്യക്ഷ സമരത്തിലേക്ക് എത്തിയിരിക്കുന്നത്. ജനങ്ങൾക്കു മേൽ അധികഭാരം അടിച്ചേൽപ്പിക്കുന്ന കേന്ദ്ര, സംസ്ഥാന സർക്കാർ നിലപാടുകൾക്കെതിരെ എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം നടക്കുന്നത്.