സംസ്ഥാനത്തെ മഴക്കെടുതി
നിഗമനങ്ങൾ
·അറബിക്കടലിൽ ലക്ഷദീപിനു സമീപം രൂപം കൊണ്ട ന്യൂനമർദ്ദം നിലവിൽ ശക്തി കുറഞെങ്കിലും 17-10-21 ന് വൈകുന്നേരം വരെ മഴ തുടരാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചനങ്ങൾ സൂചനനൽകുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ 17 -10-21 ന് ഉച്ചക്ക് ഒരു മണിക്കുള്ള ജില്ലാതല മഴ മുന്നറിയിപ്പ് പ്രകാരം 17.10.2021 ന് തിരുവനതപുരം ,കൊല്ലം ,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട് ,മലപ്പുറം, കോഴിക്കോട് ജില്ലകളിൽ മഞ്ഞ അലേർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. നിലവിൽ തൃശൂർ , പാലക്കാട് പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും ഒടുവിലുള്ള സൂചനപ്രകാരം കിഴക്കൻ കാറ്റിന്റെ സ്വാധീനം കേരളം ഉൾപ്പെടയുള്ള തെക്കൻ സംസ്ഥാനങ്ങളിൽ സജീവമാകുന്നതിന്റെ ഭാഗമായി കേരളത്തിൽ ബുധനാഴ്ച (ഒക്ടോബർ 20) മുതൽ തുടർന്നുള്ള 3-4 ദിവസങ്ങളിൽ വ്യാപകമായി മഴക്ക് സാധ്യത. ഒറ്റപെട്ട ശക്തമായ മഴക്കും സാധ്യത. ഇതിന്റെ ഭാഗമായി ഒക്ടോബർ 20 നു 10 ജില്ലകളിലും ഒക്ടോബർ 21 നു 6 ജില്ലകളിലും മഞ്ഞ അലേർട് പ്രഖ്യാപിച്ചിട്ടുണ്ട്
· ദേശീയ ദുരന്ത പ്രതികരണ സേനയുടെ (NDRF) ഓരോ ടീമുകളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ഇതിനോടകം വിന്യസിച്ചിട്ടുണ്ട്. ഇതുകൂടാതെ 5 ടീമിനെക്കൂടി ഇടുക്കി, കോട്ടയം, കൊല്ലം, കണ്ണൂർ , പാലക്കാട് ജില്ലകളിൽ വിന്യസിക്കാനായി നിർദ്ദേശം നൽകിയിട്ടുണ്ട്. വൈകുന്നേരത്തോടെ അതാത് ജില്ലകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു
· ഇന്ത്യൻ ആർമിയുടെ രണ്ടു ടീമുകളിൽ ഒരു ടീം തിരുവനന്തപുരത്തും, ഒരെണ്ണം കോട്ടയത്തും വിന്യസിച്ചിട്ടുണ്ട്. ഇവർ ഇന്ന് രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും നേതൃത്വം നൽകുകയും ചെയ്യും.
· ഡിഫെൻസ് സ്സെക്യൂരിറ്റി കോർപ്സിന്റെ (DSC) ടീമുകൾ ഒരെണ്ണം കോഴിക്കോടും ഒരെണ്ണം വയനാടും വിന്യസിച്ചിട്ടുണ്ട്.
· എയർ ഫോഴ്‌സിന്റെ രണ്ടു ചോപ്പറുകൾ തിരുവനന്തപുരം, കൊച്ചിയിലെ INS ഗരുഡ എന്നിവിടങ്ങളിൽ സജ്ജമായി നിൽപ്പുണ്ട്. ആവശ്യം വരുന്ന സാഹചര്യത്തിൽ ഏതു നിമിഷവും ഇവരെ വിന്യസിക്കാനാകും. സന്നദ്ധസേനയും സിവിൽ ഡിഫെൻസും അടിയന്തര സാഹചര്യങ്ങൾ അഭിമുഖീകരിക്കാൻ സജ്ജമായിട്ടുണ്ട്.
· എൻജിനിയർ ടാസ്ക് ഫോഴ്സ് 3 മണിയോട് കൂടി കൂട്ടിക്കൽ എത്തിച്ചേർന്നു.
· പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളിക്ക് സമീപം കുടുങ്ങികിടന്ന ആൾക്കാരെ പോലീസ്, ഫയർ ഫോഴ്‌സ് എന്നിവർ രക്ഷാപ്രവർത്തനം നടത്തി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്
· നേവിയുടെ ഹെലികോപ്റ്റർ എറണാകുളത്ത് നിന്നും 100 ഭക്ഷണപ്പൊതികളുമായി കൂട്ടിക്കൽ, കൊക്കയാർ മേഖലകളിൽ എത്തിച്ചു കഴിഞ്ഞിട്ടുണ്ട്.
· ഇടുക്കി ജില്ലയിലെ കൊക്കയാർ വില്ലേജിലെ വടക്കേമലയിൽ അകപ്പെട്ടുപോയ ഏകദേശം 80 ആളുകളെ എയർ ലിഫ്റ്റ് ചെയ്യുന്നതിനായി ഇടുക്കി ജില്ലാകളക്ടർ ആവശ്യപ്പെട്ടത് പ്രകാരം എയർ ഫോഴ്‌സ് ന്റെ ഒരു ചോപ്പർ തിരുവനന്തപുരത്തുനിന്ന് പുറപ്പെടുകയും അതിനുശേഷം ഇടുക്കി ജില്ലാകളക്ടർ പ്രസ്തുതസ്ഥലങ്ങളിൽ വെള്ളം കുറഞ്ഞു എന്നും അകപ്പെട്ട ആൾക്കരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി എന്നും അറിയിച്ചതിനാൽ എയർ ഫോഴ്സ് ചോപ്പർ കൊച്ചിയിലെ INS ഗരുഡയിൽ ലാൻഡ് ചെയ്യുകയും ചെയ്തു.
· പത്തനംതിട്ടയിലെ കക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിനാൽ അടിയന്തിര സാഹചര്യത്തിൽ തുറക്കേണ്ട ആവശ്യം വരികയാണെങ്കിൽ കുട്ടനാട്ടിലെ ജലനിരപ്പ് ഉയരാനുള്ള സാധ്യതയുണ്ട്.അതിനാൽ കോട്ടയം ജില്ലയിലേക്ക് വിന്യസിക്കാനുള്ള NDRF ടീമിനെ ആവശ്യം വരികയാണെങ്കിൽ ആലപ്പുഴ ജില്ലയിലേക്ക് വിന്യസിക്കുന്നതാണ്.
· കോട്ടയം ജില്ലയിലെ കൂട്ടിക്കലിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കാണാതായവരുടെ 13 മൃതദേഹങ്ങൾ ഇന്ന് നടത്തിയ തിരച്ചിലിൽ കണ്ടെത്തുകയുണ്ടായി.ഇടുക്കി ജില്ലയിലെ കൊക്കയാറിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കാണാതായവരുടെ 9 മൃതദേഹങ്ങൾ കണ്ടെത്തുകയും 2 പേർ കാണാതായതായും ജില്ലഭരണകൂടം അറിയിച്ചു. രക്ഷാപ്രവർത്തനം നാളെയും തുടരുന്നതാണ്.
സംസ്ഥാന അടിയന്തരഘട്ട കാര്യനിർവഹണ കേന്ദ്രം (SEOC) കൂടുതൽ സജീവമാക്കുകയും , ഡാമുകളിലെ സ്ഥിതിഗതികൾ വിലയിരുത്തുവാൻ KSEB, ജലസേചന വകുപ്പ്, മോട്ടോർ വാഹന വകുപ്പ്, ആർമി തുടങ്ങിയ വകുപ്പുകളുടെ പ്രതിനിധികളെ SEOC ൽ 24 മണിക്കൂറും വിന്യസിച്ചു. പോലീസ്, ഫയർ ഫോഴ്സ്, ലാൻഡ് റെവന്യു കണ്ട്രോൾ റൂമുകളുമായും സംസ്ഥാന അടിയന്തരഘട്ട കാര്യനിർവഹണ കേന്ദ്രം ആശയവിനിമയം നടത്തി വരുന്നു. ബന്ധപ്പെട്ട എല്ലാ വകുപ്പ് മേധാവികളോടും ഏതു വിധത്തിലും ഉള്ള അടിയന്തര സാഹചര്യങ്ങളെ നേരിടാൻ സുസജ്ജമായിരിക്കാൻ നിർദ്ദേശം നല്കിട്ടുണ്ട്.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും ഒടുവിൽ ലഭിച്ച മുന്നറിയിപ്പ് പ്രകാരം കേരള-കർണാടക-ലക്ഷദ്വീപ് മേഖലകളിൽ മത്സ്യബന്ധനം 17.10.2021 വരെ പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. കൂടാതെ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ഒക്ടോബർ 18 രാത്രി 11.30 വരെ ഉയർന്ന തിരമാലകൾ ഉണ്ടാവാനും കടൽ പ്രക്ഷുബ്ധമാവാനും സാധ്യത ഉണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിലുടനീളം ഒക്ടോബർ 21 വരെ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കേരള സംസ്ഥാന വൈദ്യുതി ബോർഡിൻറെ കീഴിലുള്ള അണക്കെട്ടുകളിൽ പത്തനംതിട്ട ജില്ലയിലെ കക്കി, മൂഴിയാർ തൃശ്ശൂർ ജില്ലയിലെ ഷോളയാർ , പെരിങ്ങൽകുത്തു, ഇടുക്കി ജില്ലയിലെ കുണ്ടള, കല്ലാർകുട്ടി, മാട്ടുപ്പെട്ടി, കല്ലാർ എന്നീ അണക്കെട്ടുകളിൽ ഇന്ന് ഉച്ചക്ക് 1 മണിക്കുള്ള അണക്കെട്ടുകളുടെ നിരീക്ഷണപട്ടികയിൽ ചുവന്ന അലെർട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിലെ പൊന്മുടിയിൽ ഓറഞ്ച് അലെർട് പ്രഖ്യാപിച്ചു, ഇടുക്കി ഡാം, പത്തനംതിട്ടയിലെ പമ്പ എന്നിവിടങ്ങളിൽ നീല അലെർട് പ്രഖ്യപിച്ചിട്ടുണ്ട്.
ജലസേചന വകുപ്പിന്റെ കീഴിലുള്ള അണക്കെട്ടുകളിൽ ഇന്ന് ഉച്ചക്ക് 12 മണിക്കുള്ള അണക്കെട്ടുകളുടെ നിരീക്ഷണപട്ടികയിൽ തൃശ്ശൂർ പീച്ചിയിൽ ചുവപ്പ് അലെർട് പ്രഖ്യപിച്ചിട്ടുണ്ട്. തൃശ്ശൂർ ജില്ലയിലെ വാഴാനി, ചിമ്മിനി, പാലക്കാട് ജില്ലയിലെ ചുള്ളിയാർ, മീങ്കര, മംഗലം, മലമ്പുഴ, കൊല്ലം ജില്ലയിലെ കല്ലട, തിരുവനന്തപുരം ജില്ലയിലെ നെയ്യാർ എന്നിവിടങ്ങളിൽ ഓറഞ്ച് അലെർട് പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിലെ പോത്തുണ്ടിയിൽ ആദ്യഘട്ട മുന്നറിയിപ്പായ നീലയും പുറപ്പെടുവിച്ചിട്ടുണ്ട്.
കേന്ദ്ര ജല കമ്മീഷന്റെ പ്രളയസാധ്യതാമുന്നറിയിപ്പ് പ്രകാരം പത്തനംതിട്ട, കോട്ടയം ജില്ലകളിലെ മടമൺ, കല്ലൂപ്പാറ, തുമ്പമൺ, പുല്ലക്കയർ, മണിക്കൽ, തിരുവനന്തപുരം ജില്ലയിലെ വെള്ളായിക്കടവ്, അരുവിപ്പുറം എന്നീ ജലനിരപ്പ് ഉയരുന്ന സാഹചര്യമാണ് കാണിക്കുന്നത്. മഴയുടെ ശക്തി കുറയുന്നതനുസരിച്ച് ജലനിരപ്പ് താഴുന്നതായാണ് കാണപ്പെടുന്നത് എന്നതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല.
