മികച്ച ബാല നടനുള്ള പുരസ്കാരം നാവായിക്കുളം സ്വദേശിക്കു
കല്ലമ്പലം : വീട്ടിലെ കൊടിയ ദാരിദ്രത്തിലും കഷ്ടപ്പാടിനും നടുവിൽ കഴിയുമ്പോഴും വെള്ളിത്തിരയിലെ മികച്ച അഭിനയത്തിലൂടെ എസ്. നിരഞ്ചൻ നടന്നുകയറിയത് സംസ്ഥാന പുരസ്കാരത്തിന്റെ പ്രഭയിലേക്ക്. 2020 ലെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ ശ്യാമപ്രസാദ് സംവിധാനം ചെയ്ത കാസിമിന്റെ കടൽ എന്ന ചിത്രത്തിൽ ബിലാൽ എന്ന ബാലന്റെ വേഷം തകർത്തഭിനയിച്ചാണ് മികച്ച ബാലനടനുള്ള പുരസ്കാരം നാവായിക്കുളം പഞ്ചായത്തിലെ വെട്ടിയറ എന്ന കൊച്ചുഗ്രാമത്തിലേക്ക് എസ് നിരഞ്ചൻ എത്തിച്ചത്. നാവായിക്കുളം വെട്ടിയറ ആർ. എസ് ലാന്റിൽ കെട്ടിടനിർമ്മാണ തൊഴിലാളി എസ്. സുമേഷിന്റെയും കശുവണ്ടിഫാക്ടറി തൊഴിലാളി സുജയുടെയം മകനാണ് എസ്. നിരഞ്ചൻ. നാവായിക്കുളം ഗവ. ഹയർസെക്കന്ററി സ്കൂളിലെ പ്ലസ് ടു ഹുമാനിറ്റീസ് വിഭാഗം വിദ്യാർത്ഥിയാണ് നിരഞ്ചൻ. കുട്ടിക്കാലം മുതൽക്കെ ഫുട്ബോളിലും അഭിനയത്തിലുമായിരുന്നു നിരഞ്ചന് കമ്പം. നിരവധി നാടകങ്ങളിൽ നിരഞ്ചൻ വേഷമിട്ടിണ്ടുണ്ട്. അഭിനയത്തിനൊപ്പം മികച്ച ഫുട്ബോളറുമാണ് നിരഞ്ചൻ. സുജിത്ത് വിഗ്നേശ്വർ സംവിധാനം ചെയ്ത രമേശൻ ഒരു പേരല്ല എന്ന ചിത്രത്തിലൂടെയാണ് നിരഞ്ചൻ ആദ്യമായി വെള്ളിത്തിരിയിലെത്തുന്നത്. കാസിമിന്റെ കടൽ എന്ന തന്റെ രണ്ടാമത്തെ ചിത്രത്തിൽ മികച്ച അഭിനയമാണ് നിരഞ്ചൻ കാഴ്ചവെച്ചത്.ചിത്രത്തിൽ നിരഞ്ചൻ യത്തീംഖാനയിൽ വളരുന്ന ബിലാൽ എന്ന അനാഥ ബാലനായി ആണ് അഭിനയിച്ചത്.പള്ളിക്കൂടത്തിൽവെച്ച് കാസിം എന്ന ബാലനുമായി സൗഹൃദത്തിലാകുന്നതും പിന്നീട് ഈ സുഹൃത്തുക്കൾ നാട് കാണാനിറങ്ങുന്നതുമാണ് പ്രമേയം. ചിത്രത്തിലെ അഭിനയത്തിന് മികച്ച ജൂറി പ്രശംസയാണ് നിരഞ്ചൻ നേടിയത്. മികച്ച ഒരു ഫുട്ബോളറകണമെന്നും സിനിമയിൽ അഭിനയിച്ച് നല്ല നിലയിൽ എത്തണമെന്നതുമാണ് നിരഞ്ചന്റെ ആഗ്രഹം . സിപിഐ എം നോട് എക്കാലവും അടിയുറച്ചുനിൽക്കുന്ന കുടുംബമാണ് നിരഞ്ചന്റെത് . ഓൺലൈൻ ക്ലാസ് സമയത്ത് നിരഞ്ചന് പഠനസൗകര്യം ഇല്ലാത്തതിനാൽ വെട്ടിയറ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ചിന്ത ലൈബ്രറിയുടെ നേതൃത്വത്തിലാണ് മൊബൈൽ ഫോൺ വാങ്ങിനല്കിയത്. വി ജോയി എംഎൽഎ വീട്ടിലെത്തി നിരഞ്ചനെ അനുമോദിച്ചു. നിരഞ്ചന് എല്ലാ സഹായവും നല്കാനുള്ള ഇടപെടൽ ഉണ്ടാകുമെന്ന് എം.എൽ.എ അറിയിച്ചു.
