വെള്ളായണിയിൽ വികസന സാധ്യതകൾ ഏറെ ഇടപെടൽ ഇല്ലെന്ന് പരാതി

ഇന്ന്. വെള്ളായണി വളരുകയാണ്. ജില്ലയിലെ ഏക ശുദ്ധജല തടാകം ഇവിടെയാണ്‌. വളർച്ചയുടെ പാതയിൽ വെള്ളാ‍യണിക്ക് ചില അടിസ്ഥാനസൗകര്യ വികസനം കൂടി വേണം. വെങ്ങാനൂർ, കല്ലിയൂർ പഞ്ചായത്തുകളുടെയും തിരുവനന്തപുരം കോർപറേഷന്റെയും അതിർത്തികൾ പങ്കിടുന്ന പ്രദേശമാണ് വെള്ളായണി.കിരീടം പാലത്തിനു സമീപത്ത് ആളുകൾ നടക്കാനുപയോഗിക്കുന്നമൺപാത ചളിക്കുളമായ നിലയിൽ.

എല്ലു പീസാ‍ക്കുന്ന റോഡ്

‘സ്ഥലം കൊള്ളാം, എത്തിപ്പെടാനാണ് പാട്’. വെള്ളായണി സന്ദർശിക്കു‍ന്നവർ ഒറ്റ വാക്കിൽ പറയുന്നത് ഇതാണ്. നഗരത്തിൽ നിന്ന് അടുത്താണെങ്കി‍ല‍ും വ‍ലുപ്പം കുറഞ്ഞതും എന്നാൽ വലിയ കുഴികൾ ഉള്ള റോഡിലൂടെയുള്ള യാത്രകൾ ദുഷ്കരം. കണ്ണങ്കോട് നിന്നും പുഞ്ചക്കരി‍യിലേക്ക് പോകുന്ന വഴികളിലൊന്നു കുഴിക‍ളാൽ സമൃദ്ധമാണ്. . പരിഹരിക്കാൻ ഇതു വരെ നടപടിയായിട്ടില്ല. മഴ പെയ്താൽ റോഡ് ഏത് കുഴി ഏത് എന്ന ആശയകുഴപ്പ‍മാണ് . കുഴികളിൽ ചാടി ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ‍പ്പെടുന്നതും പതിവ്. എന്നാൽ, ഇതൊക്കെ അവഗണിച്ച് അവധി ദിവസങ്ങളിലും മറ്റും ഇവിടെ എത്തുന്നവരുടെ എണ്ണവും കൂടുതലാണ്.

കണ്ണങ്കോട്– പുഞ്ചക്കരി റോഡ് തകർന്ന നിലയിൽ.

നടക്കാം.. ഓടാം..!

വെള്ളായണി തോടിന് ഇരുവശ‍ത്തുമുള്ള വഴികൾ പ്രഭാത–സായാഹ്ന നടത്തത്തിനായി തിരഞ്ഞെടുക്കുന്ന ആളുകളുടെ എണ്ണം കൂടുകയാണ്. തോടിനും പാട‍ത്തിനും സമീപത്തു കൂടി നടക്കാം എന്നതാണ് ആളുകളെ ആകർഷിക്കുന്നത്. തോടിന്റെ കരയിലുള്ള നിര‍പ്പായി കിടക്കുന്ന വഴി ഒരു കിലോമീറ്ററോളം നീണ്ടു കിടക്കുന്നു. പുഞ്ചക്കരി പാലത്തിൽ നിന്നു തുടങ്ങി കിരീടം പാലം റോഡിൽ എത്തി തിരിച്ചു നടക്കുന്നതാണ് രീതി. എന്നാൽ പകൽ സമയം മാത്രമാണ് നിലവിൽ നടക്കാൻ കഴിയുക. 

വഴി വിളക്കുകൾ പണി മുടക്കിയതാണ് കാരണം. സന്ധ്യ കഴിഞ്ഞാൽ വെളിച്ചമില്ലാത്തതിനാൽ ആളുകൾ വരാറില്ലെ‍ന്നു പുഞ്ചക്കരി സ്വദേശി എൻ.രാമചന്ദ്രൻ പറഞ്ഞു. വഴി വിളിക്കുകൾ‍ക്കൊപ്പം റോഡിലേക്ക് കയറിയുള്ള കാടുകൾ വൃത്തിയാ‍ക്കാത്തതും നടപ്പു‍കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. വഴി വിളക്കുകൾ കത്തി തുടങ്ങിയാൽ അതിരാവി‍ലെയും സന്ധ്യാ സമയത്തും കൂടുതൽ ആളുകൾ പ്രദേശത്തേക്ക് എത്തും.

സേവ് ദി ഡേറ്റ് !

വെള്ളായണി കായൽക്കരയിലെ കിരീടം പാലം തന്നെയാണ് ഇവി‍ടത്തെ പ്രധാന ആകർഷണം. കിരീടം പാലത്തിൽ സിനിമ, സീരിയൽ, ഹ്രസ്വ ചിത്രങ്ങളുടെ ഷൂട്ടിങ് എന്നിവ സ്ഥിരമായി നടക്കാറുണ്ട്. ഇതിനു സമീപമുള്ള തടാകത്തിന്റെ തീരത്ത് വിവാഹ ഫോട്ടോ ഷൂട്ടിനായി കൂടുതൽ ആളുകൾ എത്തുന്നുണ്ട്. എന്നാൽ ക്രമീകരണങ്ങളുടെ കാര്യത്തിൽ പിന്നോട്ടാണ് ഈ പ്രദേശം. സന്ദർശകർ കൂടുമ്പോഴും ആവശ്യത്തിനു സൗകര്യങ്ങൾ ഇവിടെ ഇല്ല. 

ഭക്ഷണ ശാലകൾ ഇവിടെ കുറവാണ്. ശുചിമുറി സൗകര്യം ഇല്ലാത്തതും സന്ദർശകരെ ബുദ്ധിമുട്ടിലാക്കുന്നു. പായലും പോളയും നീക്കം ചെയ്തെ ങ്കി‍ല‍ും ഇന്നും കന്നു‍കാലിച്ചാലിലും തടാ‍കത്തിലും പോള ശല്യം ഉണ്ട്. ചാലി‍ന് ‌ഒരു വശത്തു കൂടിയുള്ള റോഡ് ടാർ ചെയ്തെങ്കി‍ല‍ും മറുവശം ഇന്നും മൺ‍റോഡാണ്. ഇത് മൺ റോഡായി തന്നെ മികച്ച നിലവാരത്തിൽ നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യമാണ് 

വെള്ള‍രിക്ക പോലൊരു വെള്ളായണി

‘വിളയിച്ചെടുക്കുന്ന പച്ചക്കറികളാണ് ഞങ്ങൾ വിൽക്കുന്നത്. നടപ്പു‍കാരും സഞ്ചാരികളും ഇവിടെ വന്നാൽ പച്ചക്കറികൾ വാങ്ങിയാണ് തിരികെ മടങ്ങുക’. പുഞ്ചക്ക‍രിയിൽ കൃഷി ചെയ്യുന്ന കല്ലുപുറത്ത് രംഗനാഥൻ പറഞ്ഞു. വാഴ, വെള്ള‍രിക്ക, പയർ, മരച്ചീനി ‍തുടങ്ങിയവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. ഇവ വിൽക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്. ജനങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് കൃഷിയിട‍ത്തു നിന്നും ഉൽ‍പന്നങ്ങൾ വി‍ൽക്കാറുണ്ട്.

വെള്ളായ‍ണിയിൽ പ്രഭാത–സായാഹ്ന സവാരിക്ക് എത്തുന്നവരെ കാത്തിരിക്കുന്നത് ഉപ്പിലിട്ട വെള്ള‍രിക്ക, സലാഡ് മുതലായ വിഭവങ്ങളാണ്. വെള്ളായണി കായൽക്കരയിലെ മാംഗ്ലി‍ക്കരി, നിലമ‍ക്കരി, പണ്ടാര‍ക്കരി എന്നീ പാടശേഖരങ്ങളിലാണ് കൃഷി‍യിറക്കാറുള്ളത്. മാംഗ്ലി‍ക്കരി, നിലമ‍ക്കരി ഭാഗങ്ങളിൽ ‍‍നെ‍ൽക്കൃഷിയും പണ്ടാ‍രക്കരി പ്രദേശത്ത് പച്ചക്കറി കൃഷിയുമാണ്. എന്നാൽ മഴക്കാലത്ത് വെള്ളം കയറി കൃഷി നശിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നു.