അഞ്ചുതെങ്ങ് കായിക്കര ഉടയവിളാകത്ത് മുഖംമൂടി ശല്യം രൂക്ഷമായതിനെ തുടർന്ന് പ്രദേശത്തെ സ്ത്രീകളും കുട്ടികളും ഭീതിയിൽ.
ഈ പ്രദേശങ്ങളിലെ സ്ത്രീകളും കുട്ടികൾ മാത്രമുള്ള വീടുകൾ ലക്ഷ്യമാക്കി രാത്രികാലങ്ങളിലും പുലർച്ചെയോടെയും എത്തുന്ന മുഖംമൂടികളുടെ ശല്യത്താൽ ഇവിടുത്തുകാരുടെ സ്വൈര്യജീവിതം നശിച്ചിതായാണ് വ്യാപക പരാതി ഉയർന്നിരിക്കുന്നത്.
അഞ്ചുതെങ്ങ് കായിക്കരയിലും സമീപപ്രദേശങ്ങളിലും സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമാകുന്നതായി ഇതിനുമുമ്പും നിരവധി പരാതികൾ ഉയർന്നിരുന്നു.
കഴിഞ്ഞദിവസം പുലർച്ചയോടെ പ്രദേശത്തെ ഒരു വീട്ടിൽ ജനലിലൂടെ ഒളിഞ്ഞുനോക്കുന്നത് ശ്രദ്ധയിൽപെട്ട കുട്ടി പേടിച്ച് നിലവിളിച്ചതോടെ മുഖംമൂടി ധരിച്ചെത്തിയ ആൾ മതിൽ ചാടിക്കടന്ന് ഓടിയിരുന്നു. തുടർന്ന് വീട്ടുകാർ പോലീസിൽ വിവരമറിയിക്കുകയും അഞ്ചുതെങ്ങ് പോലീസ് ഉടൻതന്നെ സ്ഥലത്തെത്തി പരിശോധനകൾ നടത്തുകയായിരുന്നു.
സമാനമായ ദുരനുഭവം ഈ പ്രദേശത്തെ പല വീടുകളിലും ഇതിനുമുമ്പും ഉണ്ടായിട്ടുള്ളതായി പ്രദേശവാസികൾ പറയുന്നു. പ്രദേശത്തെ സ്ത്രീകൾ മാത്രമുള്ള വീടുകൾ മനസ്സിലാക്കിയാണ് മുഖംമൂടി സംഘത്തിന്റെ അഴിഞ്ഞാട്ടം.
വർദ്ധിച്ചുവരുന്ന മുഖംമൂടി ശല്യവും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഇതിനോടകം തന്നെ നിരവധി പരാതികളാണ് അഞ്ചുതെങ്ങ് പോലീസിൽ ലഭിച്ചിട്ടുള്ളത്.
