തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ നാളെയും യെല്ലോ അലര്‍ട്ടാണ്. കാലാവര്‍ഷം തീരുന്ന ചൊവ്വാഴ്ച തുലാവര്‍ഷം ആരംഭിക്കുമെന്നും മുന്നറിയിപ്പുണ്ട്. തമിഴ്‌നാടിന്റെ തെക്കന്‍ തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ പ്രഭാവത്തില്‍ മലയോരപ്രദേശങ്ങളില്‍ ശക്തമായ മഴയുണ്ടാവുമെന്ന് മുന്നറിയിപ്പുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അര്‍ഥമാക്കുന്നത്. യെല്ലോ അലര്‍ട്ടാണെന്ന് കരുതി ജാഗ്രതക്കുറവ് പാടില്ലെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു.
കാലവര്‍ഷം അവസാനിക്കുന്ന ദിവസം തന്നെ തുലാവര്‍ഷം തുടങ്ങുന്നത് അപൂര്‍വമായത് കൊണ്ട് തന്നെ വലിയ മുന്‍കരുതല്‍ സ്വീകരിക്കണമെന്നാണ് നിര്‍ദേശം. മണിക്കൂറില്‍ 40 വരെ വേഗത്തില്‍ കാറ്റ് വീശിയേക്കുമെന്ന് മുന്നറിയിപ്പുണ്ട്. ഈ മാസം 25 വരെ മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവജാഗ്രത പാലിക്കണം.
2018, 2019, 2020 വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിലുള്ളവര്‍, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധസമിതിയും അപകട സാധ്യത മേഖലകള്‍ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങളെന്ന് കണ്ടെത്തിയ സ്ഥലങ്ങളില്‍ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശസ്ഥാപനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അപകട സാധ്യത മുന്നില്‍കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കേണ്ടതാണ്.
