സംസ്ഥാനത്ത് മിന്നലോടെ ശക്തമായ മഴയ്ക്ക് സാധ്യത.

തിരുവനന്തപുരം
തെക്കന്‍ തമിഴ്നാട് തീരത്ത് ചക്രവാതച്ചുഴി രൂപംകൊണ്ട സാഹചര്യത്തില്‍ ഞായര്‍വരെ സംസ്ഥാനത്ത് മിന്നലോടെ ശക്തമായ മഴയ്ക്ക് സാധ്യത.

മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാനിടയുണ്ടെന്നും കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കി. വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും (അതിശക്ത മഴ) തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ മഞ്ഞ അലര്‍ട്ടു (ശക്തമായ മഴ)മാണ്. വെള്ളിയാഴ്ച കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ശനി കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. നിലവില്‍ മഞ്ഞ, ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചതെങ്കിലും മലയോരത്തും ദുരന്തസാധ്യതയുള്ളിടത്തും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കാലാവസ്ഥാവകുപ്പിന്റെ കൊച്ചി റഡാര്‍ ഇമേജില്‍ കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലയിലെ മലയോരപ്രദേശങ്ങള്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. അണക്കെട്ട് തുറന്നുവിട്ട ദിവസങ്ങളില്‍ റൂള്‍ കര്‍വ് നിരീക്ഷിക്കുന്ന വിദഗ്ധസമിതി യോഗം ചേര്‍ന്ന് ജലനിരപ്പ് നിരീക്ഷിക്കുന്നുണ്ട്. എല്ലാ ജില്ലയിലും സംസ്ഥാന, ദേശീയ സേനയെ വിന്യസിച്ചിട്ടുണ്ട്. അടുത്തയാഴ്ച തുലാവര്‍ഷം ആരംഭിക്കാനിടയുള്ളതിനാല്‍ കരുതലും ജാഗ്രതയും തുടരും. പ്രതീക്ഷിക്കാത്തിടത്താണ് അപകടമുണ്ടാകുന്നത്. അവയുടെ ആഘാതം കുറയ്ക്കാനും ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കാനും ജനങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തുലാവര്‍ഷം 26ന്
ഇരുപത്താറോടെ കാലവര്‍ഷം പൂര്‍ണമായി പിന്‍വാങ്ങാനിടയുണ്ടെന്ന് കാലാവസ്ഥാവകുപ്പ്. അന്നുതന്നെ തുലാവര്‍ഷം ആരംഭിക്കും. തുലാവര്‍ഷം പ്രഖ്യാപിച്ചില്ലെങ്കിലും തുലാവര്‍ഷ കണക്കില്‍ സംസ്ഥാനത്ത് ലഭിക്കേണ്ട 92.24 ശതമാനം മഴ ഒക്ടോബറിലെ ആദ്യ 19 ദിവസം ലഭിച്ചു. 19 വരെ 192.7 മില്ലീ മീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് 453.5 മില്ലീ മീറ്റര്‍ മഴയാണ് ലഭിച്ചത്. ഇത് 135 ശതമാനം അധികമാണ്. കോഴിക്കോട്ടാണ് കൂടുതല്‍ ലഭിച്ചത്–- -215 ശതമാനം അധികമഴ. കുറവ് ആലപ്പുഴയിലും 59 ശതമാനം.

കാലാവസ്ഥാ പ്രവചനത്തില്‍ പരിമിതിയുണ്ട്
കാലാവസ്ഥാ പ്രവചനത്തില്‍ പരിമിതിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വകുപ്പ് അവര്‍ മനസ്സിലാക്കുന്നവയാണ് പ്രവചിക്കുന്നത്. ചില ഘട്ടങ്ങളില്‍ ചില കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ട്. കൈയിലുള്ള സാങ്കേതികവിദ്യ വച്ച്‌ അത്രയേ പറ്റുന്നുള്ളു. മനഃപൂര്‍വമല്ല. കുറ്റപ്പെടുത്തുന്നില്ല. ഒരു പ്രദേശത്ത് അധിക മഴ പ്രത്യേകം പ്രവചിക്കാനാകുന്നില്ല. സാങ്കേതികവിദ്യ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.