ഗൃഹനാഥന്റെ മരണം ആത്മഹത്യയെന്ന് പൊലീസ്

വെമ്ബായത്ത് ആളൊഴിഞ്ഞ പുരയിടത്തില്‍ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പൊലീസ്.

വെമ്ബായം പഞ്ചായത്ത് ഓഫീസിന് സമീപം ഇടുക്കുംതല പനയറക്കോണത്ത് സജീവാണ് (41) മരിച്ചത്. കഴുത്തില്‍ കേബിള്‍ ടൈ മുറുക്കിയ നിലയിലായിരുന്നു മൃതദേഹം. സജീവ് ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സി.സി.ടി വി ദൃശ്യങ്ങളില്‍ ഇയാള്‍ കേബിള്‍ എടുക്കുന്നതും ആത്മഹത്യാക്കുറിപ്പ് എഴുതുന്നതും വ്യക്തമാണ്. ഇയാളുടെ കാബിനില്‍ നിന്ന് ഈ കുറിപ്പ് പൊലീസ് കണ്ടെടുത്തു. സാമ്ബത്തിക ബാദ്ധ്യത കാരണം ജീവനൊടുക്കുകയാണെന്നാണ് ഇതിലുണ്ടായിരുന്നത്.

വ്യാഴാഴ്ച രാവിലെ 6ന് പ്രഭാത സവാരിക്കിറങ്ങിയ സജീവ് തിരികെയെത്താത്തതിനാല്‍ ബന്ധുക്കള്‍ നടത്തിയ തെരച്ചിലിലാണ് വീടിനടുത്തുള്ള കാടുകയറിയ പുരയിടത്തില്‍ മൃതദേഹം കണ്ടെത്തിയത്. വെഞ്ഞാറമൂട് വയ്യേറ്റിലെ ടൈല്‍ ഷോപ്പില്‍ ജനറല്‍ മാനേജരായി ജോലി നോക്കുകയായിരുന്നു സജീവ്. വയറിംഗ് ആവശ്യത്തിനും വാഹനങ്ങളിലെ വീല്‍ കപ്പ് കെട്ടുന്നതിനും ഉപയോഗിക്കുന്ന കേബിള്‍ ടൈ ഉപയോഗിച്ചാണ് സജീവ് ആത്മഹത്യ ചെയ്‌തത്. ഇത് ഒരുതവണ മുറുകിക്കഴിഞ്ഞാല്‍ അഴിച്ചുമാറ്റുക പ്രയാസമാണ്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.