മഴ തുടരുകയാണ്. ദുരന്ത സ്ഥലങ്ങൾ കാണാനായി പൊതുജനങ്ങൾ യാത്ര ചെയ്യരുത്

കേരളത്തിലുടനീളം  ​ഇന്നും (ഒക്ടോബർ 17) ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അറബിക്കടലിൽ ലക്ഷദീപിനടുത്ത് രൂപം കൊണ്ട ന്യൂനമർദ്ദത്തിന് നിലവിൽ ശക്തി കുറഞ്ഞിട്ടുണ്ട്. എങ്കിലും  വൈകുന്നേരം വരെ മഴ തുടർന്നേക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ  രാവിലത്തെ മുന്നറിയിപ്പ് പ്രകാരം ഇന്ന് തൃശ്ശൂർ, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം,  പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ മഞ്ഞ അലർട്ടാണ്. 

അപകട സാഹചര്യങ്ങളിൽ പെടാതിരിക്കാൻ എല്ലാവരും മുൻകരുതലെടുക്കണം.  വേണ്ടിവന്നാൽ മാറി താമസിക്കാനും അധികൃതരുടെ നിർദേശങ്ങൾ പാലിക്കാനും അനാവശ്യ യാത്രകൾ ഒഴിവാക്കാനും ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചത് ഏവരുടെയും ശ്രദ്ധയിലുണ്ടാവണം.

ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഓരോ ടീമുകൾ തൃശൂർ, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം,, മലപ്പുറം ജില്ലകളിൽ  എത്തി ചുമതലയേറ്റിട്ടുണ്ട്. പുറമെ അഞ്ചു ടീമിനെക്കൂടി ഇടുക്കി, കോട്ടയം, കൊല്ലം, കണ്ണൂരും, പാലക്കാട് ജില്ലകളിൽ വിന്യസിക്കാനും മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. 

ഇന്ത്യൻ ആർമിയുടെ രണ്ടു ടീമുകളും ഡിഫെൻസ് സെക്യൂരിറ്റി കോർപ്സിന്റെ രണ്ടു ടീമുകളും ഇതോടൊപ്പം കർമ്മരംഗത്തുണ്ട്. വ്യോമസേനയും  നാവികസേനയും  അടിയന്തിര സാഹചര്യം നേരിടാൻ സജ്ജരാണ്. 

ഏതു സാഹചര്യമുണ്ടാകുന്നതും മുൻകൂട്ടിക്കണ്ട് ജാഗ്രതയിലാണ് സർക്കാർ. ഭയം വേണ്ടതില്ല; ജാഗ്രത വെടിയുകയുമരുത്.