പ്രമുഖ സിനിമ സംവിധായകനും ഛായാഗ്രഹകനുമായിരുന്ന ക്രോസ്‌ബെല്‍റ്റ് മണി അന്തരിച്ചു

 പ്രമുഖ സിനിമ സംവിധായകനും ഛായാഗ്രഹകനുമായിരുന്ന ക്രോസ്‌ബെല്‍റ്റ് മണി അന്തരിച്ചു. 86 വയസാിരുന്നു.വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. ശനിയാഴ്ച രാത്രി എട്ട് മണിയോടെ തിരുവനന്തപുരത്തെ വസതിയില്‍ വെച്ചാണ് അദ്ദേഹം അന്തരിച്ചത്.

അന്‍പതോളം സിനിമകളാണ് അദ്ദേഹം സംവിധാനം ചെയ്തത്. പത്തോളം സിനിമകള്‍ക്ക് ഛായാഗ്രഹണവും നിര്‍വ്വഹിച്ചിട്ടുണ്ട്. ക്രോസ്‌ബെല്‍റ്റ് മണി ആദ്യമായി സംവിധാനം ചെയ്ത ചിത്രം 1967-ല്‍ പുറത്തിറങ്ങിയ മിടുമിടുക്കിയാണ്. 1970 ല്‍ പുറത്തിറങ്ങിയ ക്രോസ്ബെല്‍റ്റ് എന്ന ചിത്രത്തോടെയാണ് അദ്ദേഹം പ്രശസ്തനായത്. പിന്നീടാണ് അദ്ദേഹം ക്രോസ്‌ബെല്‍റ്റ് മണി എന്ന പേരില്‍ അറിയപ്പെടാന്‍ ആരംഭിച്ചത്.

കെ.വേലായുധന്‍ നായര്‍ എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ഥ പേര്. തിരുവനന്തപുരം വലിയശാലയില്‍ കൃഷ്ണപ്പിള്ളയുടെയും കമലമ്മയുടെയും മകനായി 1935 ഏപ്രില്‍ 22 നായിരുന്നു അദ്ദേഹം ജനിച്ചത്. ഫോട്ടോഗ്രാഫിയിലുള്ള താത്പര്യത്തെ തുടര്‍ന്ന് അദ്ദേഹം സിനിമാ മേഖലയിലെത്തുന്നത്. 1956 മുതല്‍ 1961 വരെ പി.സുബ്രഹ്മണ്യത്തിന്റെ മെറിലാന്റ് സ്റ്റുഡിയോയില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഛായാഗ്രഹണത്തെയും സംവിധാനത്തെയും കുറിച്ച്‌ അദ്ദേഹം കൂടുതല്‍ വിവരങ്ങള്‍ മനസിലാക്കുന്നചത് ഇവിടെ നിന്നാണ്. സംഘട്ടന രംഗങ്ങള്‍ വ്യത്യസ്തമായ രീതിയില്‍ ചിത്രീകരിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ശൈലി.