നൊമ്പരമായി ​ഉമേഷ് കൃഷ്ണ

നൊമ്പരമായി ​ഉമേഷ് കൃഷ്ണ

ബൈക്ക് അപകടത്തിൽ അകാല വിയോഗം പ്രാപിച്ച സുരേഷ് കൃഷ്ണയുടെ  വിയോ​ഗത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് നാവായിക്കുളം ഗ്രാമം . കേട്ടവർ കേട്ടവരെല്ലാം വാർത്ത സത്യമാകരുതെ എന്ന പ്രാർത്ഥനയിലായിരുന്നു. ബുധനാഴ്ച രാത്രി 8.45ന് ഇരുപത്തിയെട്ടാംമൈൽ പള്ളിക്കൽ റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച  ഉമേഷ് കൃഷ്ണ (21) നാട്ടുകാർക്ക് അത്രയേറെ പ്രിയങ്കരനായിരുന്നു. ഉമേഷും സുഹൃത്ത് അനൂപും സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് ​കാൽനടയാത്രികനെ ഇടിച്ചായിരുന്നു അപകടം. അപകടത്തിൽ ഉമേഷും കാൽനടയാത്രികനായ പൈവേലിക്കോണം സ്വദേശി സുരേഷ് (69) ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചിരുന്നു. നാടിനും നാട്ടുകാർക്കും ഒരുപോലെ പ്രിയങ്കരനായിരുന്നു പള്ളിക്കൽ യുഐടിയിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥി ഉമേഷ് കൃഷ്ണ. ബാലസംഘം പ്രവർത്തകനായി രാഷ്ട്രീയത്തിലെത്തിയ ഉമേഷ്കൃഷ്ണ എസ്എഫ്ഐ യുടെ മുന്നണി പോരാളിയാകുയയായിരുന്നു. പള്ളിക്കൽ യുഐടി യൂണിറ്റ് സെക്രട്ടറിയായ ഉമേഷ്കൃഷ്ണ അധികം വൈകാതെ നാവായിക്കുളം മേഖലാ സെക്രട്ടറിയും എസ്എഫ്ഐ കിളിമാനൂർ ഏരിയാ കമ്മറ്റിയം​ഗവുമായി മാറി. കോവിഡ് കാലത്ത് കലാലയം അടച്ചതോടെ നാടിനുവേണ്ടി എസ്എഫ്ഐക്കാർക്കും ഡിവൈഎഫ്ഐ ക്കാർക്കും ഒപ്പം ഓടിനടന്നു ​ ഉമേഷ് കൃഷ്ണ. ഭക്ഷണപൊതി നല്കാനും, അണുനശീനകരണം നടത്താനുമൊക്കെ മുൻനിരയിലുണ്ടായിരുന്നു.എപ്പോഴും ചിരിച്ചമുഖത്തോടെ എല്ലാവർക്കും പ്രിയപ്പെട്ടവനായ  ഉമേഷ് കൃഷ്ണ രാഷ്ട്രീയത്തിനതീതമായി വിപുലമായ സുഹൃദ് ബന്ധത്തിനുടമയായിരുന്നു.സിപിഐ എം ഇരുപത്തിയെട്ടാം മൈൽ ബ്രാഞ്ച് അം​ഗവും ഡിവൈഎഫ്ഐ മേഖലാ കമ്മറ്റിയം​​ഗവുമായി പ്രവർത്തിക്കുകയായിരുന്നു. ബൈക്ക് യാത്രയോട് എന്നും കമ്പമുള്ള ഉമേഷ്കൃഷ്ണയുടെ മരണവും ബൈക്ക് അപകടത്തിലായെന്ന യാദൃശ്ചികതയുമുണ്ട്. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനുശേഷം സൂക്ഷിച്ചിരിക്കുന്ന മ‍ൃതദേഹം ഉമേഷിന്റെ പിതാവ്  ഉണ്ണികൃഷ്ണൻ വിദേശത്ത് നിന്നെത്തിയ ശേഷം വെള്ളിയാഴ്ച രാവിലെ 11.30 ന് വീട്ടുവളപ്പിൽ സംസ്കരിച്ചു. ഉമേഷ് കൃഷ്ണയുടെ ഇരട്ട സഹോദരി ഉമ.