തിരുവനന്തപുരം ബാര്‍ട്ടന്‍ഹില്‍ 'വേലിക്കകത്ത്'(Velikkakathu) വീട്ടില്‍ പൂര്‍ണ വിശ്രമത്തില്‍ കഴിയുന്ന വി എസ് ഇന്ന് കുടുംബാംഗങ്ങളോടൊത്ത് ജന്മദിനം ലളിതമായി ആഘോഷിക്കും.
പൊതുജനങ്ങളുമായി ഇടപഴകുമ്ബോള്‍ പതിന്മടങ്ങ് ഊര്‍ജം കൈവരിക്കാറുന്ന വി എസ് കഴിഞ്ഞ രണ്ടു വര്‍ഷമായി വീട്ടില്‍ തന്നെയാണ് കഴിയുന്നത്. 2019 ഒക്ടോബറില്‍ പുന്നപ്ര- വയലാര്‍ വാര്‍ഷിക ചടങ്ങുകളില്‍ പങ്കെടുത്ത് തലസ്ഥാനത്തേക്ക് മടങ്ങിയെത്തിയ വി എസിനെ പിറ്റേന്ന് തലച്ചോറിലെ രക്തസ്രാവത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകാതെ ആശുപത്രി വിട്ടെങ്കിലും ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് വിശ്രമം നിര്‍ദേശിച്ചു. കോവിഡ് വ്യാപനം കൂടിയായതോടെ സന്ദര്‍ശകര്‍ക്ക് കടുത്ത നിയന്ത്രണമുണ്ടായി. ഒന്നാം പിണറായി സര്‍ക്കാരില്‍ ഭരണപരിഷ്കാര കമ്മീഷന്‍ അധ്യക്ഷനായിരുന്ന വി എസ് 2021 ജനുവരിയില്‍ ആ പദവി രാജിവെച്ചിരുന്നു.
ആശുപത്രി വിട്ട ശേഷമുള്ള ദിവസങ്ങളില്‍ കിടക്കയില്‍ തന്നെ ആയിരുന്ന വി എസ് പിന്നീട് ഒരു പരിധി വരെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തി. വീട്ടിനകത്ത് നീങ്ങുന്നത് വീല്‍ ചെയറില്‍ തന്നെയാണ്. പത്രം ദിവസവും വായിച്ചു കേള്‍ക്കും. ടെലിവിഷന്‍ വാര്‍ത്തകളും കാണും. കേരളം വീണ്ടും പ്രളയ ഭീഷണിയിലായതിന്റെ വാര്‍ത്തകള്‍ അദ്ദേഹത്തെ അസ്വസ്ഥനാക്കിയെന്ന് മകന്‍ വി എ അരുണ്‍ കുമാര്‍ മലയാള മനോരമയോട് പറഞ്ഞു. പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ശക്തനായ വക്താവായിരുന്നു വി എസ്. ഗാഡ്ഗിലിന്റെ നിര്‍ദേശങ്ങള്‍ അദ്ദേഹം ഈ ദിവസങ്ങളില്‍ ഓര്‍മിച്ചെന്നും അരുണ്‍ പറയുന്നു.
