വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുകളുമായി ലണ്ടനിലേക്ക് പോകാനെത്തിയ 4 വിദ്യാർഥികൾ വിമാനത്താവളത്തിൽ ഇമിഗ്രേഷൻ വിഭാഗത്തിന്റെ പിടിയിലായി. മലപ്പുറം സ്വദേശിനി രഹ്ന ബീഗം, പാലക്കാട് സ്വദേശികളായ ഷഹീൻ, മുഹമ്മദ് ഹാഷിർ, അങ്കമാലി സ്വദേശി ബിനോ ജോയ് എന്നിവരാണ് പിടിയിലായത്.
സ്റ്റുഡന്റ് വീസയാണ് ഇവരുടെ കൈവശമുണ്ടായിരുന്നത്.
ലണ്ടനിലെ വിവിധ കോളജുകളിൽ വിവിധ പ്രഫഷനൽ കോഴ്സുകൾക്കു ചേരാനാണ് ഇവർ പോകുന്നത്. എന്നാൽ നിശ്ചിത മാർക്ക് ഇല്ലാത്തതിനാൽ വ്യാജ സർട്ടിഫിക്കറ്റുകൾ തരപ്പെടുത്തുകയായിരുന്നു.
പലരും ലക്ഷക്കണക്കിന് രൂപ ഏജൻസികൾക്ക് പ്രതിഫലമായും കോളജ് ഫീസായും നൽകിയിരുന്നു. ഇത്തരത്തിൽ ഏജൻസികളുടെ ചതിയിൽപ്പെടുന്ന ഒട്ടേറെപ്പേർ ഇപ്പോൾ വിമാനത്താവളത്തിൽ പിടിക്കപ്പെടുന്നുണ്ട്.
കഴിഞ്ഞ ദിവസം 3 പേർ പിടിയിലായിരുന്നു. ഇവരെ നെടുമ്പാശേരി പൊലീസിന് കൈമാറി. ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.