ആറ്റിങ്ങൽ പട്ടണത്തിൽ നാളെ സമ്പൂർണ വാക്സിനേഷൻ യജ്ഞവുമായി നഗരസഭ

ആറ്റിങ്ങൽ: നഗരസഭയുടെ നേതൃത്വത്തിൽ നാളെ (29.08.2021 - ഞായർ) സമ്പൂർണ വാക്സിനേഷൻ യജ്‌ഞം സംഘടിപ്പിക്കുന്നു. കൊവിഡ് രണ്ടാം തരംഗ വ്യാപനം ചെറുക്കുന്നതിന്റെ ഭാഗമായി നാളെ നടക്കുന്ന വാക്സിൻ യജ്ഞത്തിൽ 2500 ഡോസുകളാണ് തയ്യാറാക്കിയിട്ടുള്ളത്. കൊവിഡ് ഷീൽഡ് ഇനം പ്രതിരോധ വാക്സിനാണ് നാളെ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നത്. നഗരത്തിൽ 4 കേന്ദ്രങ്ങളാണ് ഇതിനായി നഗരസഭ സജ്ജീകരിച്ചിട്ടുള്ളത്. നഗരസഭാ പരിധിയിൽ ഉള്ളവർക്ക് മാത്രമെ നാളെ നടക്കുന്ന വാക്സിൻ യജ്ഞത്തിലൂടെ പ്രതിരോധ വാക്സിൻ സ്വീകരിക്കാൻ സാധിക്കു. രാവിലെ 9 മണി മുതൽ ഉച്ചക്ക് 2 മണി വരെ ആയിരിക്കും വാക്സിനേഷൻ കേന്ദ്രങ്ങളുടെ പ്രവർത്തനം. നഗര പരിധിയിൽ 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും വാക്സിൻ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നഗരസഭ ഇത്തരം പദ്ധതികൾ നടപ്പിലാക്കുന്നത്. ആദ്യ ഡോസ് വാക്സിൻ സ്വീകരിക്കേണ്ടവർ ഓൺലൈൻ രെജിസ്ട്രേഷൻ ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. അല്ലാത്തവർക്ക് വേണ്ടി സ്പോട്ട് രെജിസ്ട്രേഷൻ സംവിധാനവും ഒരോ കേന്ദ്രങ്ങളിലും ഒരുക്കിയിട്ടുണ്ട്. ആദ്യ ഡോസ് സ്വീകരിച്ച് കൃത്യം 85 ദിവസം കഴിഞ്ഞവർക്ക് മാത്രമെ രണ്ടാമത്തെ ഡോസ് വാക്സിൻ ലഭ്യമാക്കു. കൂടാതെ ആദ്യ ഡോസും രണ്ടാമത്തെ ഡോസും വാക്സിൻ സ്വീകരിക്കേണ്ടവർ വാർഡ് കൗൺസിലറുമായൊ ആശാവർക്കറുമായൊ ബന്ധപ്പെട്ട് വാക്സിനേഷൻ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തണം. നഗരസഭ നടപ്പിലാക്കുന്ന ഈ സേവനം നഗരവാസികൾ പരമാവധി പ്രയോജനപ്പെടുത്തണം എന്നും ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി അറിയിച്ചു.

വാക്സിനേഷൻ കേന്ദ്രങ്ങൾ

1. വലിയകുന്ന് താലൂക്കാശുപത്രി

2. ഗവ.ഹൈസ്കൂൾ അവനവഞ്ചേരി

3. ഡയറ്റ് സ്കൂൾ ആറ്റിങ്ങൽ

4. ആലംകോട് എൽ.പി സ്കൂൾ