ആറ്റിങ്ങലില്‍ അല്‍ഫോന്‍സക്കെതിരായ കേസ് പിൻവലിക്കും: ഉറപ്പുമായി മന്ത്രിമാർ

തിരുവനന്തപുരം :ആറ്റിങ്ങലില്‍ മീന്‍കുട്ട തട്ടിയെറിഞ്ഞതില്‍ പരാതിക്കാരി അല്‍ഫോന്‍സക്കെതിരെയെടുത്ത കേസ് പിന്‍വലിക്കുമെന്ന് മന്ത്രിമാരുടെ ഉറപ്പ്. വഴിയോര കച്ചവടം തടയരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കാനും തൊഴില്‍ മന്ത്രി വി.ശിവന്‍കുട്ടിയുടെ നേതൃത്വത്തിലെ ചര്‍ച്ചയില്‍ തീരുമാനമായി. ഇതോടെ സമരം അവസാനിപ്പിച്ചതായി ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു.

വഴിയോര മല്‍സ്യക്കച്ചവടത്തിന് അനുമതിയില്ലാത്ത സ്ഥലത്തിരുന്ന് മീന്‍ വിറ്റെന്ന് ആരോപിച്ചാണ് അല്‍ഫോന്‍സയെ ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റി ജീവനക്കാര്‍ തടഞ്ഞത്. മീന്‍ കുട്ട സഹിതം എടുത്ത് മാറ്റാനുള്ള നീക്കം കയ്യാങ്കളിയിലാവുകയും മീന്‍ റോഡില്‍ വീണ് നശിക്കുകയും ചെയ്തു.

എന്നാല്‍ അതിന് ശേഷം അല്‍ഫോന്‍സയെയും പ്രതിചേര്‍ത്തായിരുന്നു പൊലീസ് കേസെടുത്തത്. ആരോപണ വിധേയരായ മുനിസിപ്പാലിറ്റി ജീവനക്കാര്‍ക്കെതിരെ ആദ്യം നടപടിയെടുക്കാനും തയാറായില്ല. ഇതോടെ അഞ്ചുതെങ്ങ് ഫൊറോന സെന്റര്‍ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സമരം തുടങ്ങി. വിവിധ തലത്തില്‍ സമരം ശക്തമായതോടെയാണ് മുനിസിപ്പാലിറ്റിയും സര്‍ക്കാരും നിലപാട് മാറ്റിയത്. അല്‍ഫോന്‍സക്കെതിരെയുള്ള കേസ് പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയുടെ അനുമതി തേടുമെന്ന് മന്ത്രിമാരുടെ സംഘം ഉറപ്പ് നല്‍കി. വഴിയോര കച്ചവടം അനുവദിക്കുമെന്നുമാണ് മറ്റൊരു ഉറപ്പ്. മന്ത്രിമാരായ വി.ശിവന്‍കുട്ടി, ആന്റണി രാജു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ചര്‍ച്ച നടത്തിയത്. അതിക്രമം കാണിച്ച ജീവനക്കാരെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു