അതിവേഗ റെയിൽ ;എതിർപ്പുകൾ അവ​ഗണിച്ച് കുടിയൊഴിപ്പിക്കാനുള്ള നടപടികളിലേക്ക്

തിരുവനന്തപുരം : തിരുവനന്തപുരം മുതല്‍ കാസര്‍കോടുവരെ നീളുന്ന അര്‍ധ അതിവേഗ റെയില്‍പ്പാതയ്ക്കായി (സില്‍വര്‍ ലൈന്‍) സ്ഥലം ഏറ്റെടുക്കാനുള്ള നടപടികളിലേക്ക് റവന്യൂ വകുപ്പ് നീങ്ങുന്നു. ഇതോടെ ഒരു ലക്ഷത്തിലധികം കുടുംബങ്ങളെയാണ് പദ്ധതി നടത്തിപ്പിനായി കുടിയൊഴിപ്പിക്കേണ്ടി വരിക. 11 ജില്ലകളിലായി ഏറ്റെടുക്കേണ്ട 955.13 ഹെക്ടര്‍ ഭൂമിയുടെ വില്ലേജ് തലത്തിലുള്ള സര്‍വേ നമ്പറുകള്‍ റവന്യൂവകുപ്പ് പ്രസിദ്ധീകരിച്ചു. റെയില്‍വേ ബോര്‍ഡില്‍നിന്ന് അന്തിമാനുമതി ലഭിക്കുന്ന മുറയ്ക്കാകും ഏറ്റെടുക്കല്‍ തുടങ്ങുക. സ്ഥലം ഏറ്റെടുക്കാന്‍ 2100 കോടി രൂപ കിഫ്ബി വായ്പയ്ക്ക് അനുമതി നല്‍കിയിട്ടുണ്ട്.

ഭൂമി ഏറ്റെടുക്കാനാവശ്യമായ 205 തസ്തികകള്‍ ഒരു വര്‍ഷത്തേക്ക് സൃഷ്ടിക്കാന്‍ മന്ത്രിസഭ അനുമതി നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് തുടര്‍നപടികളിലേക്കു നീങ്ങാന്‍ കെ-റെയില്‍ റവന്യൂ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഒരു സ്‌പെഷ്യല്‍ ഡെപ്യൂട്ടി കലക്ടര്‍ ഓഫീസും പാതയ്ക്കായി സ്ഥലം ഏറ്റെടുക്കേണ്ടിവരുന്ന 11 ജില്ലകളിലും സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസും തുറക്കാനാണ് അനുമതി. സംസ്ഥാനത്തിന്റെ തെക്കുമുതല്‍ വടക്കുവരെ നിലവിലുള്ള പാളത്തിനു പുറമേ 540 കിലോമീറ്ററില്‍ മൂന്നും നാലും റെയില്‍പ്പാളങ്ങളാണ് സില്‍വര്‍ ലൈന്‍ വിഭാവനം ചെയ്തിട്ടുള്ളത്. കെ റയിൽ വരുന്നതോടെ ഒരു ലക്ഷത്തോളം കുടുംബങ്ങളാണ് കുടിയൊഴിപ്പിക്കപ്പെടുക. ഇതിനോടകം തന്നെ പാത കടന്നുപോകുന്ന മേഖലകളിലെ ജനങ്ങൾ പ്രക്ഷോഭത്തിലാണ്.
ഏറ്റെടുക്കേണ്ട സ്ഥലം (ഹെക്ടറിൽ)

ഒന്നാംമേഖല (തിരുവനന്തപുരം-ചെങ്ങന്നൂർ) ആകെ- 187.57 (തിരുവനന്തപുരം- 78.42, കൊല്ലം- 83.06, ആലപ്പുഴ- 26.09)

രണ്ടാംമേഖല (ചെങ്ങന്നൂർ-എറണാകുളം) ആകെ- 232.47 (പത്തനംതിട്ട- 44.47, ആലപ്പുഴ- 15.61, കോട്ടയം- 108.11, എറണാകുളം- 64.28)

മൂന്നാംമേഖല (എറണാകുളം-തൃശ്ശൂർ) ആകെ- 167.91 (എറണാകുളം- 56.44, തൃശ്ശൂർ- 111.47)

നാലാം മേഖല (തൃശ്ശൂർ-കോഴിക്കോട്) ആകെ- 151.97 (മലപ്പുറം- 109.94, കോഴിക്കോട്- 42.03)

അഞ്ചാംമേഖല (കണ്ണൂർ-കാസർകോട്) ആകെ- 215.21 (കണ്ണൂർ- 53.95, കാസർകോട്- 161.26)