തമിഴ്നാട്ടിലേക്കും കർണാടകയിലേക്കും യാത്ര ചെയ്യുന്നോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക…..

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായതോടെ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി അയൽ സംസ്ഥാനങ്ങൾ. തമിഴ്നാട്ടിലേക്കും കർണാടകത്തിലേക്കും പോകാൻ ആർ.ടി.പി.സി.ആർ പരിശോധനാ ഫലം നിർബന്ധമാണ്. രണ്ട് ഡോസ് വാക്സിനുമെടുത്ത് 14 ദിവസം കഴിഞ്ഞവർക്ക് തമിഴ്നാട് ഇളവ് നൽകുമ്പോൾ കർണാടക ആ ഇളവ് പോലും നൽകുന്നില്ല.കേരളത്തിലെ പ്രതിദിന രോഗികളുടെ എണ്ണം തുടർച്ചയായ ദിവസങ്ങളിൽ ഇരുപതിനായിരം പിന്നിട്ടതോടെയാണ് അയൽ സംസ്ഥാനങ്ങൾ നിയന്ത്രണം കടുപ്പിച്ചത്. ഓഗസ്റ്റ് അഞ്ച് മുതൽ കേരളത്തിൽ നിന്ന് തമിഴ്നാട്ടിൽ എത്തുന്നവർക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ പരിശോധനാ ഫലം നിർബന്ധമാക്കി.

 

വിമാനയാത്രികരെ തെർമർ സ്കാനറിലൂടെ പരിശോധിക്കും. രോഗ ലക്ഷണമുള്ളവരെ അവിടെ വെച്ച് തന്നെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യും. രണ്ട് ഡോസ് വാക്സിനും സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവർക്ക് തമിഴ്നാട്ടിലെത്താൻ ആർ.ടി.പി.സിആർ പരിശോധനാ ഫലം വേണ്ട എന്നും ആരോഗ്യ മന്ത്രി മാ.സുബ്രഹ്മണ്യം പറഞ്ഞു.കേരളത്തിലെ കോവിഡ് സാഹചര്യം കൂടി കണക്കിലെടുത്തു. വാളയാർ ഉൾപ്പെടെ കോയമ്പത്തൂരിലേക്ക് പ്രവേശിക്കാനുള്ള എല്ലാ ചെക്ക് പോസ്റ്റിലും കർശന പരിശോധന ഉണ്ടാകും. പരിശോധനാ ഫലമോ വാക്സിനേഷൻ സർട്ടിഫിക്കറ്റോ കൈവശമില്ലാത്തവർ ചെക്പോസ്റ്റിൽ കോവിഡ് പരിശോധനയ്ക്ക് വിധേയരാകണം.

 

കർണാടകയും കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണം ഏർപ്പെടുത്തിക്കഴിഞ്ഞു. തിങ്കളാഴ്ച മുതൽ കേരളത്തിൽ നിന്ന് എത്തുന്ന എല്ലാവരും 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി ആർ പരിശോധനാ ഫലമാണ് കരുതേണ്ടത്. രണ്ട് ഡോസ് വാക്സിൻ എടുത്തവർക്കും ഇളവില്ല.സർക്കാർ നിർദേശം നാളെ മുതലാണ് നിലവിൽ വരുന്നതെങ്കിലും തലപ്പാടിയിൽ ഇന്ന് തന്നെ നിയന്ത്രണം കർശനമാക്കി. കോവിഡ് രഹിത സർട്ടിഫിക്കറ്റ് ഉള്ളവരേയും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരേയും മാത്രമേ യാത്ര തുടരാൻ അനുവദിക്കുന്നുള്ളു.