സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരത്ത് ആരംഭിച്ച ഡ്രൈവ് ത്രൂ വാക്‌സിനേഷൻ പൂർണവിജയം. ആരംഭിച്ച് 10 ദിവസം പിന്നിടുമ്പോൾ കേന്ദ്രത്തിൽനിന്ന് ഇതുവരെ വാക്സിനെടുത്തത് 8000 പേർ.ഓഗസ്റ്റ് മാസം 20നാണ് തിരുവനന്തപുരം വിമെൻസ് കോളജിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഡ്രൈവ് ത്രൂ വാക്‌സിനേഷൻ സെന്റർ ആരംഭിച്ചത്. 4800 പേർ ആദ്യ ഡോസ് വാക്‌സിനും 3200 പേർ രണ്ടാം ഡോസ് വാക്‌സിനുമാണ് സ്വീകരിച്ചത്. വാഹനത്തിലിരുന്ന് വാക്‌സിൻ സ്വീകരിക്കാമെന്നതിനാൽ കൂടുതൽപേർ കേന്ദ്രത്തിലെത്തുകയായിരുന്നു. 18 വയസ്സിന് മുകളിലുള്ളവർക്കാണ് ഇവിടെ വാക്‌സിൻ നൽകുന്നത്. ജില്ലാ അധികൃതരുടെ ആഭിമുഖ്യത്തിലുള്ള ട്രിവാൻഡ്രം എഹെഡ് എന്ന ഉദ്യമത്തിന്റെ ഭാഗമായാണ് കേന്ദ്രത്തിന്റെ പ്രവർത്തനം. ഓണാവധി ദിവസങ്ങളിൽ 3700 പേരാണ് വാക്‌സിൻ സ്വീകരിച്ചത്. ആരോഗ്യ പ്രവർത്തകരും സന്നദ്ധ പ്രവർത്തകരും ഷിഫ്റ്റ് അടിസ്ഥാനത്തിൽ ആണ് ജോലി ചെയ്യുന്നത്. വാക്‌സിൻ വിതരണത്തിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ കൗണ്ടറും ഹെൽപ്പ് ഡെസ്‌കും സജ്ജീകരിച്ചിട്ടുണ്ട്. ഏത് സമയത്തും ഇവിടെയെത്തി വാക്സിനെടുക്കാം. ഉദ്യോഗസ്ഥർ വാഹനത്തിന് സമീപമെത്തി നടപടികൾ സ്വീകരിക്കും.