തിരുവനന്തപുരം – കാസർകോട് വേഗ റെയിൽപാത; കല്ലമ്പലം മേഖലയിൽ ഭൂമി പരിശോധനത്തുടങ്ങി

കല്ലമ്പലം: തിരുവനന്തപുരം – കാസർകോട് വേഗ റെയിൽപാതയ്ക്കായി കല്ലമ്പലം മേഖലയിൽ ഭൂമി പരിശോധന നടന്നു. തിരുവനന്തപുരത്ത് നിന്ന് – കാസർകോട് വരെ നാല്‌ മണിക്കൂറിൽ എത്താവുന്ന അതിവേഗ റെയിൽ പാതയ്ക്കായി സ്ഥലമേറ്റെടുപ്പിന്‌ 3000 കോടിയാണ് വകയിരുത്തിയിരിക്കുന്നത്. അഞ്ച്‌ വർഷംകൊണ്ട്‌ യാഥാർത്ഥ്യമാക്കാൻ ലക്ഷ്യമിടുന്ന പദ്ധതിക്ക്‌ പ്രധാനമായും വിദേശ ഏജൻസികളിൽ നിന്നുള്ള വായ്പയെയാണ്‌ ആശ്രയിക്കുന്നത്‌.തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് സ്റ്റേഷനുകൾ. തിരുവനന്തപുരം കോച്ചുവേളി മുതൽ മുരുക്കുംപുഴ വരെ നിലവിലെ റെയിൽ പാതയ്ക്കു സാമാന്തരമായി കടന്നു പോകുന്ന പാത മുരുക്കുംപുഴ കോഴിമട ക്ഷേത്രത്തിന് സമീപത്തു നിന്നും വഴി മാറി പെരുങ്കുഴി സഹകരണ സംഘം, കിഴുവിലം കൃഷ്ണപുരം, കൊല്ലമ്പുഴ, തോട്ടവാരം, തൊപ്പിച്ചന്ത, മണമ്പൂർ, പറങ്കിമാം വിള വഴി തോട്ടക്കാട് പാലത്തിന് സമീപത്തു വച്ച് ദേശീയ പാത മറികടക്കും. തുടർന്ന് കരവാരം, പുതുശേരിമുക്ക്, കോട്ടറക്കോണം, മുട്ടിയറ, കപ്പാംവിള, മരുതിക്കുന്ന്, കാട്ടുപുതുശേരി വഴി കൊല്ലം ജില്ലയിലേക്ക് കടക്കും.പരമാവധി ജനവാസ കേന്ദ്രങ്ങൾ ഒഴിവാക്കിയാണ് പാത വരുന്നതെങ്കിലും നിരവധി വീടുകളും കൃഷിയിടങ്ങളും ഈ പദ്ധതിയുടെ ഭാഗമായി സർക്കാരിന് ഏറ്റെടുക്കേണ്ടി വരും.