നിയമസഭ കയ്യാങ്കളി കേസില്‍ ശിവന്‍കുട്ടി അടക്കം വിചാരണ നേരിടണം

ന്യൂഡൽഹി: നിയമസഭാ കയ്യാങ്കളിക്കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉൾപ്പെടെ കേസിലെ ആറുപ്രതികളും
വിചാരണ നേരിടണമെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ച് വിധിച്ചു.

സഭയുടെ പരിരക്ഷ ക്രിമിനൽ കുറ്റത്തിൽനിന്നുള്ള പരിരക്ഷയല്ലെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് വിധിപ്രസ്താവത്തിൽ വ്യക്തമാക്കി. പരിരക്ഷ ജനപ്രതിനിധികൾ എന്ന നിലയിൽ മാത്രമാണ്. 184-ാം അനുച്ഛേദം തെറ്റായി വ്യാഖ്യാനിച്ചാണ് ഹർജി സമർപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേസ് പിൻവലിക്കാനുള്ള സർക്കാർ നടപടി തെറ്റാണ്. എം.എൽ.എമാരുടെ നടപടികൾ ഭരണഘടനയുടെ അതിർവരമ്പുകൾ ലംഘിച്ചു. അതിന് ജനപ്രതിനിധികളുടെ പരിപക്ഷ പ്രയോജനപ്പെടുത്താനാവില്ല.

പൊതുമുതൽ നശിപ്പിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താനാവില്ലെന്നും കോടതി പറഞ്ഞു.


കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ അപേക്ഷ തള്ളിക്കൊണ്ടാണ് സുപ്രീം കോടതി വിധി. ജസ്റ്റിസ് എം.ആർ. ഷാ ആയിരുന്നു ബെഞ്ചിലെ രണ്ടാമത്തെ അംഗം

സംസ്ഥാനസർക്കാരിനുപുറമേ കേസിൽ പ്രതികളായ വി. ശിവൻകുട്ടി, ഇ.പി. ജയരാജൻ, കെ.ടി. ജലീൽ, കെ. കുഞ്ഞമ്മദ്, സി.കെ. സദാശിവൻ, കെ. അജിത് എന്നിവരും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. 2015 മാർച്ച് 13-നാണ് വിവാദമായ നിയമസഭാ കയ്യാങ്കളി നടക്കുന്നത്. ബാർ കോഴ വിവാദത്തിൽ ഉൾപ്പെട്ട അന്നത്തെ ധനമന്ത്രി കെ.എം. മാണിയെ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ലെന്ന എൽ.ഡി.എഫ്. എം.എൽ.എമാരുടെ നിലപാടാണ് കയ്യാങ്കളിയിലേക്ക് നയിച്ചത്.


കയ്യാങ്കളി നടത്തിയ എം.എൽ.എ.മാർക്കെതിരേ ക്രിമിനൽ നടപടിച്ചട്ടത്തിലെ 321-ാം വകുപ്പ് പ്രകാരം രജിസ്റ്റർചെയ്ത കേസ് റദ്ദാക്കാൻ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വിസമ്മതിച്ചിരുന്നു. ഇതിനെതിരേ സംസ്ഥാനസർക്കാർ നൽകിയ ഹർജി ഹൈക്കോടതി തള്ളിയതിനെത്തുടർന്നാണ് സുപ്രീംകോടതിയിലെത്തിയത്.