മന്ത്രി വി ശിവൻകുട്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്‌ പ്രതിക്ഷേധം

തിരുവനന്തപുരം ∙ നിയമസഭാ കയ്യാങ്കളി കേസിൽ സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളിയ സാഹചര്യത്തിൽ വിചാരണ നേരിടേണ്ടി വരുന്ന മന്ത്രി വി. ശിവൻകുട്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് തലസ്ഥാനത്ത് പ്രതിപക്ഷ സംഘടനകൾ പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് നിയമസഭയിലേക്കും ജില്ലാ കോൺഗ്രസ് കമ്മിറ്റി സെക്രട്ടേറിയറ്റിലേക്കും മാർ‌ച്ച് നടത്തി. വൈകിട്ട് മണ്ഡലങ്ങൾ കേന്ദ്രീകരിച്ചും പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് മാർച്ച് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ ഉദ്ഘാടനം ചെയ്തു.

സുപ്രീംകോടതി വിധി മുഖ്യമന്ത്രിയുടെ മുഖത്തേറ്റ തിരിച്ചടിയാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.എസ്. ശബരീനാഥൻ , എസ്.എം.ബാലു ,എൻ.എസ്.നുസൂർ , റിജിൽ മാക്കുറ്റി എന്നിവർ പ്രസംഗിച്ചു. മന്ത്രിയെ ജനകീയ വിചാരണ നടത്തി. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ സെക്രട്ടേറിയറ്റ് മാർച്ചിനു കമ്പറ നാരായണൻ, കോട്ടാത്തല മോഹനൻ, രാജൻ കുരുക്കൾ, ആറ്റിപ്ര അനിൽ തുടങ്ങിയവർ നേതൃത്വം നൽകി.

മന്ത്രി വി.ശിവൻകുട്ടിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു നടത്തിയ ക്ലിഫ്ഹൗസ് മാർച്ചിൽ സംഘർഷം. പ്രവർത്തകരും പൊലീസുമായി ഉന്തും തള്ളും വാക്കേറ്റവുമുണ്ടായി. മാർച്ച് തടയാനായി ക്ലിഫ് ഹൗസിന് സമീപം സ്ഥാപിച്ച ബാരിക്കേഡുകൾ‍ മറികടക്കാനുള്ള പ്രവർത്തകരുടെ ശ്രമമാണ് സംഘർഷത്തിൽ കലാശിച്ചത്. അൽപനേരത്തെ സംഘർഷത്തിന് പിന്നാലെ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. ജില്ലാ ഭാരവാഹികളായ പ്രതീഷ് മുരളി, ആദേഷ് സുധർമൻ , ഗോപു നെയ്യാർ, കൃഷ്ണകാന്ത്,സെനറ്റ് അംഗം ജോയൽ, ബ്ലോക്ക്‌ പ്രസിഡന്റുമാരായ പ്രതുൽ, രാകേഷ് കേശു , ജിഷ്ണു മോഹൻ, ഭാരവാഹികളായ സുജിത്ത്, അജേഷ്, അൽ അസാദ് എന്നിവർ നേതൃത്വം നൽകി