ഈ വ‍ർഷത്തെ ചലച്ചിത്രമേള തിരുവനന്തപുരം കേന്ദ്രീകരിച്ച് നടത്തും മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: ഈ വർഷത്തെ അന്താരാഷ്ട്ര ചലച്ചിത്രമേള തിരുവനന്തപുരത്ത് തന്നെ നടത്താനാണ് ആലോചനയെന്ന് മന്ത്രി സജി ചെറിയാൻ.  കഴിഞ്ഞ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് നാല് മേഖലകളായിട്ടാണ് നടത്തിയത്. ഈ വർഷവും ചലച്ചിത്രമേള നടത്താനാണ് തീരുമാനം. തിരുവനന്തപുരത്ത് തന്നെ മേള നടത്തണം എന്നാണ് സർക്കാരിൻ്റെ താത്പര്യമെന്നും സിനിമയുടെ ചുമതലയുള്ള മന്ത്രി വ്യക്തമാക്കി.
കൊവിഡ് കാലത്ത് അസാധാരണസാഹചര്യം മുൻനിർത്തിയാണ് സർക്കാർ നിയന്ത്രണത്തിൽ ഒരു ഒടിടി സംവിധാനം കൊണ്ടു വരാൻ തീരുമാനിച്ചത്. സിനിമകൾ തീയേറ്ററുകളിൽ തന്നെ വരണമെന്നാണ് സർക്കാരിൻ്റെ താത്പര്യം. താത്കാലികമായ ആശ്വാസം കലാകാരൻമാർക്ക് നൽകുക എന്നത് മാത്രമാണ് ഒടിടി പ്ലാറ്റ്ഫോം കൊണ്ടു വരുന്നതിലൂടെ ഉദ്ദേശിക്കുന്നത്. 

എല്ലാ തീയേറ്ററുകളും നവീകരിക്കണമെന്നാണ് സർക്കാരിൻ്റെ നിലപാട്. തുടക്കമെന്ന നിലയിൽ സർക്കാർ തീയറ്ററുകൾ എല്ലാം ആധുനീകരിക്കും. ചിത്രാജ്ഞലിയെ ദക്ഷിണേന്ത്യയിലെ ഒന്നാം നമ്പർ സിനിമാ നിർമ്മാണ കേന്ദ്രമാക്കി മാറ്റാനും സർക്കാർ ആലോചിക്കുന്നുണ്ട്. സിനിമ മേഖലയിലെ പ്രശ്നങ്ങൾ പഠിച്ച് ഹേമാ കമ്മീഷൻ സമർപ്പിച്ച ശുപാർശകൾ സർക്കാർ നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.