വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർക്കു വേണ്ടി നഗരസഭ സംഘടിപ്പിച്ച സെന്റിനിയൽ സർവ്വെയിൽ 1 ആൾക്ക് രോഗം സ്ഥിരീകരിച്ചു




ആറ്റിങ്ങൽ: നഗരസഭ സംഘടിപ്പിച്ച സെന്റിനിയൽ സർവ്വെയിൽ ആകെ 147 പേരെ സ്രവ പരിശോധനക്ക് വിധേയരാക്കി. ഇതിൽ 75 ആർ.റ്റി.പി.സി.ആർ ടെസ്റ്റും 72 ആന്റിജൻ ടെസ്റ്റുമാണ് നടത്തിയത്. ആന്റിജൻ ടെസ്റ്റ് നടത്തിയതിൽ 1 ആൾക്ക് രോഗം സ്ഥിരീകരിച്ചു. ഇയാൾ കരവാരം പഞ്ചായത്തിലെ താമസക്കാരനാണ്. നഗരത്തിൽ ഇതുവരെ 38 സെന്റിനിയൽ സർവ്വെയും, 4 സംയുക്ത സെന്റിനിയൽ സർവ്വെയും നഗരസഭക്ക് സംഘടിപ്പിക്കാൻ സാധിച്ചു. ഓരോ സർവ്വെയിലും രോഗികളുടെ എണ്ണം ക്രമാധീതമായി കുറയുന്നത് കാണാൻ സാധിക്കും. കൂടാതെ നിരവധി പരിശോധന ക്യാമ്പുകൾ സംഘടിപ്പിച്ചതിലൂടെ ഇക്കഴിഞ്ഞ ആഴ്ചയിൽ 14.79 ശതമാനമായി നിന്നിരുന്ന റ്റി.പി.ആർ നിരക്ക് 11.48 ശതമാനമായി കുറക്കാൻ സാധിച്ചു. അതിനാൽ നഗരസഭ സംഘടിപ്പിക്കുന്ന കൊവിഡ് പരിശോധനാ ക്യാമ്പുകളിൽ പൊതു സമൂഹവുമായി നിരന്തരം സമ്പർക്കം പുലർത്തുന്ന ഓരോരുത്തരും പങ്കാളികളാവണമെന്നും ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി അറിയിച്ചു.

വ്യാപാരികളുടെ സഹകരണത്തോടെ ഡയറ്റ് സ്കൂളിൽ സംഘടിപ്പിച്ച ക്യാമ്പിൽ ജില്ലാ ആരോഗ്യ വിഭാഗത്തോടൊപ്പം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.ഷീജ, കൗൺസിലർ വി.എസ്.നീതിൻ, ജി.എസ്.ബിനു, ഹെൽത്ത് സൂപ്പർവൈസർ ബി.അജയകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജി.എസ്.മഞ്ചു, ആശാവർക്കർ സീന, ദീപ തുടങ്ങിയവർ നേതൃത്വം വഹിച്ചു. നഗരസഭ ശുചീകരണ വിഭാഗം സ്കൂളും പരിസരവും അണുവിമുക്തമാക്കി.