എന്റെ കുഞ്ഞിന് പാല് കൊടുക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്‌'; തിരുവനന്തപുരം RCCക്കെതിരെ ഗുരുതര ചികിത്സാപിഴവ് ആരോപണം

തിരുവനന്തപുരത്തെ റീജിയണൽ കാൻസർ സെന്ററിൽ (ആർ സി സി) ചികിത്സയിൽ കഴിയുന്ന ഒമ്പത് മാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിന്റെ ജീവൻ ആശുപത്രി അധികൃതരുടെയും ജീവനക്കാരുടെയും ഗുരുതരമായ അനാസ്ഥ മൂലം അപകടത്തിലായതായി ഞെട്ടിക്കുന്ന റിപ്പോർട്ട്.

 രക്താർബുദത്തിന്റെ അപൂർവ രൂപമായ എ എം എൽ (Acute Myeloid Leukemia) ബാധിച്ച് ചികിത്സയിലായിരുന്ന കുഞ്ഞിനാണ് ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെ തുടർന്ന് കടുത്ത അണുബാധയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും നേരിടേണ്ടി വന്നിരിക്കുന്നത്. കൊച്ചിയിലെ അമൃത ആശുപത്രിയിലായിരുന്നു കുഞ്ഞിന് ആദ്യം ചികിത്സ നൽകിയിരുന്നത്.

 എന്നാൽ ബോൺ മാരോ (മജ്ജ) മാറ്റിെവെക്കൽ ശസ്ത്രക്രിയ ഉൾപ്പെടെയുള്ള തുടർചികിത്സകൾക്കായി ഏകദേശം ഒരു കോടിയോളം രൂപ ചെലവ് വരുമെന്ന് അറിയിച്ചതിനെ തുടർന്ന്, സാമ്പത്തികമായി താങ്ങാൻ കഴിയാത്ത ഒരു സാധാരണ കുടുംബമായതിനാൽ അവർ കുഞ്ഞിനെ തിരുവനന്തപുരം ആർ സി സിയിലേക്ക് മാറ്റുകയായിരുന്നു.

​ആർ സി സിയിൽ വെച്ച് ആദ്യ ഘട്ട കീമോതെറാപ്പി വിജയകരമായി പൂർത്തിയാക്കിയ കുഞ്ഞ് രോഗമുക്തിയുടെ നല്ലൊരു ഘട്ടത്തിലേക്ക് എത്തുന്നതിന്റെ ആശ്വാസത്തിലായിരുന്നു മാതാപിതാക്കൾ. തുടർന്ന് മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി ഏകദേശം 60 ലക്ഷം രൂപയോളം കണ്ടെത്തി വെല്ലൂർ ആശുപത്രിയിൽ പോയി ഡോക്ടർമാരെ കണ്ട് കാര്യങ്ങൾ ഉറപ്പുവരുത്തുകയും ചെയ്തിരുന്നു.

 എന്നാൽ അവിടെനിന്ന് തിരിച്ചെത്തി ആർ സി സിയിൽ വെച്ച് കൈയിൽ ക്യാനുല ഇടുന്ന സമയം മുതൽ അനാസ്ഥയുടെ പരമ്പരയാണ് ആരംഭിച്ചതെന്ന് മാതാപിതാക്കൾ വേദനയോടെ വ്യക്തമാക്കുന്നു. യാതൊരുവിധ ശുചിത്വ മാനദണ്ഡങ്ങളോ സാനിറ്റൈസിംഗോ പാലിക്കാതെയാണ് ജീവനക്കാർ കുഞ്ഞിന്റെ കൈയിൽ ക്യാനുല ഘടിപ്പിച്ചത്. കൂടാതെ ക്യാനുല ഇട്ട അതേ ദിവസം തന്നെ അതിനു മുകളിൽ ബി പി കഫ് ഇട്ട് അമർത്തിയതോടെ കുഞ്ഞ് കടുത്ത വേദനകൊണ്ട് നിലവിളിക്കുകയായിരുന്നു.

​അണുബാധ കടുത്തതോടെ ക്യാനുല നീക്കം ചെയ്തെങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ കുഞ്ഞിന്റെ കൈ വീർത്തു വരാൻ തുടങ്ങി. ഇക്കാര്യം കൂടെയുണ്ടായിരുന്ന അമ്മ പലതവണ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാരുടെയും നേഴ്സുമാരുടെയും ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും അവർ അതിനെ നിസ്സാരവൽക്കരിച്ച് തള്ളിക്കളയുകയാണ് ചെയ്തത്. എട്ട് ദിവസത്തോളം അധികൃതർ ഇത് ഗൗനിക്കാതെ ഇരുന്നതോടെ കുഞ്ഞിന്റെ കൈയിലെ അണുബാധ അതിരൂക്ഷമാവുകയും പഴുപ്പ് ബാധിക്കുകയും ചെയ്തു. ഒമ്പതാം ദിവസം കൈയുടെ അവസ്ഥ വ്യക്തമാക്കുന്ന ചിത്രം കണ്ട പിതാവ് ഉടൻതന്നെ ആശുപത്രി ഡയറക്ടറെയും മെഡിക്കൽ ബോർഡിനെയും സമീപിച്ച് പരാതി നൽകുകയായിരുന്നു. തുടർന്ന് മെഡിക്കൽ ബോർഡിന്റെ നിർദ്ദേശപ്രകാരം പരിശോധിച്ച സർജൻ കുഞ്ഞിന്റെ കൈയുടെ ഭയാനകമായ അവസ്ഥ കണ്ടു ഞെട്ടുകയും അടിയന്തര ശസ്ത്രക്രിയ നിർദ്ദേശിക്കുകയും ചെയ്തു.

​മറ്റ് വഴികളൊന്നുമില്ലാത്തതിനാൽ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ തോൾ മുതൽ കൈമുട്ട് വരെ മുറിച്ചു മാറ്റുന്ന ഫാസിയോട്ടമി (Fasciotomy) എന്ന കഠിനമായ ശസ്ത്രക്രിയക്ക് കുഞ്ഞിനെ വിധേയനാക്കേണ്ടി വന്നു. നിലവിൽ മുറിവ് തുന്നിക്കെട്ടാൻ പോലും സാധിക്കാത്ത അവസ്ഥയിൽ കൈ തുറന്നു വെച്ച് കവർ ചെയ്താണ് കുഞ്ഞിനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. അനാസ്ഥ മൂലം ഉണ്ടായ ഈ അണുബാധ കാരണം കുഞ്ഞിന്റെ കരളിന്റെ പ്രവർത്തനത്തെയും ബാധിക്കുകയും ശരീരം മുഴുവൻ മഞ്ഞനിറമാകുകയും ചെയ്തിട്ടുണ്ട്. രോഗപ്രതിരോധശേഷി കുറഞ്ഞ കാൻസർ ബാധിതരായ കുഞ്ഞുങ്ങളെ അണുബാധ തടയാനുള്ള മുൻകരുതലുകൾ എടുക്കാതെ പനിയോ ന്യുമോണിയയോ ഉള്ള മറ്റ് കുട്ടികളുടെ കൂടെ കിടത്തുന്നതും, ചികിത്സാ വീഴ്ച മറച്ചുവെക്കാൻ കുഞ്ഞ് വരുമ്പോൾ തന്നെ ഓക്സിജൻ സപ്പോർട്ടിലായിരുന്നു എന്ന രീതിയിൽ തെറ്റായ വിവരങ്ങൾ നൽകുന്നതും ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന വലിയ അപരാധമാണെന്ന് കുടുംബം ആരോപിക്കുന്നു.

 ഒമ്പതു മാസം മാത്രം പ്രായമുള്ള തങ്ങളുടെ കുഞ്ഞ് രോഗത്തോടും അനാസ്ഥയോടും പോരാടി വെന്റിലേറ്ററിൽ കഴിയുമ്പോൾ ഉത്തരവാദികളായ ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും തങ്ങൾക്ക് നീതി ലഭിക്കണമെന്നുമാണ് ഈ മാതാപിതാക്കൾ കണ്ണീരോടെ ആവശ്യപ്പെടുന്നത്.