മദ്യപിച്ച് അമിതവേഗത്തിൽ കെഎസ്ആർടിസി ബസ് ഓടിച്ച ഡ്രൈവറെ പൊലീസ് കസ്റ്റഡിയിൽ. എറണാകുളം മൂവാറ്റുപ്പുഴയിലാണ് സംഭവം. മദ്യലഹരിയിൽ വാഹനമോടിച്ചതിന് കോട്ടയം പൂഞ്ഞാർ സ്വദേശി ജോർജുകുട്ടിയെ പൊലീസ് പിടികൂടി..പാലായിൽ നിന്ന് കോഴിക്കോട്ടേക്ക് സർവീസ് നടത്തുകയായിരുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ്. ഡ്രൈവിംഗിൽ തുടക്കം മുതൽ തന്നെ അസ്വാഭാവികമായി തോന്നിയിരുന്നതായി യാത്രക്കാർ പറഞ്ഞു. പാലാ ഭാഗത്തെ കയറ്റിറക്കങ്ങളും വളവുകളും കാരണമാകാം ഡ്രൈവിങ്ങിലെ പ്രശ്നങ്ങളെന്ന് ആദ്യം യാത്രക്കാർ കരുതി. എന്നാൽ തൊടുപുഴ പിന്നിട്ടതോടെ അപകടസാധ്യത മനസ്സിലാക്കിയ യാത്രക്കാർ ബഹളംവച്ച് മടക്കത്താനം ഭാഗത്ത് ബസ് നിർത്തിക്കുകയായിരുന്നു.
നാട്ടുകാർ തടഞ്ഞുവച്ചതോടെ റോഡിൽകിടന്ന് പ്രതിഷേധിക്കുകയും ഭീഷണിമുഴക്കുകയും ചെയ്തു. ഇതോടെ ഏറെ നേരം വാഹനം റോഡിൽ നിർത്തിയിട്ടിരുന്നു.
യാത്രക്കാർ വിവരം പൊലീസിനെ അറിയിച്ചു. തൊടുപുഴ ഡിവൈഎസ്പി ഓഫീസിലും വിവരം ലഭിച്ചിരുന്നു. തുടർന്ന് വാഴക്കുളം പൊലീസ് സ്ഥലത്തെത്തി ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.
മദ്യപിച്ചതിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ച ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബസിലുണ്ടായിരുന്ന കോഴിക്കോട് വരെയുള്ള യാത്രക്കാർക്ക് മറ്റ് വാഹനങ്ങളിൽ യാത്ര തുടരുന്നതിനുള്ള സൗകര്യവും ഒരുക്കി.