സമുദ്രനിരപ്പിൽ നിന്ന് 483 മീറ്റർ ഉയരത്തിലാണ് ഈ പ്രാർഥനാമുറി സ്ഥിതി ചെയ്യുന്നത്. ഹോട്ടലിന്റെ ഇരട്ട ടവറുകളെ ബന്ധിപ്പിക്കുന്ന 36, 37, 38 നിലകളിലൂടെയുള്ള പാലത്തിലാണ് ഇത് നിർമിച്ചിരിക്കുന്നത്. ഹോട്ടലിന്റെ അകത്തള റോഡ് നിരപ്പിൽ നിന്ന് 179 മീറ്റർ ഉയരത്തിലാണ് പ്രാർഥനാമുറിയുടെ സ്ഥാനം.
550 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള പ്രാർഥനാമുറിയിൽ ഒരേസമയം 520 പേർക്ക് നമസ്കരിക്കാനുള്ള സൗകര്യമുണ്ട്. വിശുദ്ധ കഅ്ബയും മസ്ജിദുൽ ഹറമും ഉൾപ്പെടെയുള്ള മക്കയിലെ പുണ്യകേന്ദ്രങ്ങളുടെ മനോഹരമായ ആകാശദൃശ്യം ഇവിടെ നിന്ന് ആസ്വദിക്കാം.
അറബിക്, ആധുനിക വാസ്തുവിദ്യാ ശൈലികൾ സമന്വയിപ്പിച്ചാണ് അകത്തളം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇസ്ലാമിലെ ദൈവത്തിന്റെ വിശേഷണനാമങ്ങൾ ആലേഖനം ചെയ്ത അറബിക് കാലിഗ്രഫിയും വിശുദ്ധ ഖുർആൻ വചനങ്ങളും ചുവരുകളിലും തൂണുകളിലും ഇടംപിടിച്ചിട്ടുണ്ട്.
നിർമാണത്തിലും ഏറെ സവിശേഷതകളുള്ളതാണ് സ്കൈ മുസല്ല. സമുദ്രനിരപ്പിൽ നിന്ന് 312 മീറ്റർ ഉയരത്തിൽ 650 ടൺ ഭാരമുള്ള സ്റ്റീൽ പാലമായാണ് ഇത് ആദ്യം നിർമിച്ചത്. പിന്നീട് നിലവിലെ ഉയരത്തിലേക്ക് ഉയർത്തുകയായിരുന്നു.
തുറന്ന ഉടൻ തന്നെ 'സ്കൈബ്രിഡ്ജിനുള്ളിലെ ഏറ്റവും ഉയരത്തിലുള്ള പ്രാർഥനാമുറി' എന്ന വിഭാഗത്തിൽ ഗിന്നസ് വേൾഡ് റെക്കോർഡും സ്വന്തമാക്കി. എന്നാൽ ഹോട്ടലിൽ താമസിക്കുന്ന അതിഥികൾക്ക് മാത്രമാണ് പ്രാർഥനാമുറിയിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്.
നിരവധി വൻകിട വികസന പദ്ധതികളിലൂടെ ആഗോള ശ്രദ്ധ നേടുന്ന സൗദി അറേബ്യയുടെ മറ്റൊരു ശ്രദ്ധേയ നേട്ടമായാണ് സ്കൈ മുസല്ലയുടെ റെക്കോർഡ് വിലയിരുത്തപ്പെടുന്നത്.