ബിഹാറിലെ കൊലപാതകക്കേസ് പ്രതി കൊല്ലത്ത് അറസ്റ്റില്‍; ഒളിവില്‍ കഴിഞ്ഞ് പ്രവര്‍ത്തിച്ചിരുന്നത് ഡ്രൈവറായി

ബിഹാറില്‍ ആർ.ജെ.ഡി. നേതാവ് ബൈദുനാഥ് മാത്തൊ ഉള്‍പ്പെടെ രണ്ടുപേരെ വെടിവെച്ചുകൊന്ന കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന കുപ്രസിദ്ധ കുറ്റവാളിയെ കൊല്ലത്തുനിന്ന് പോലീസ് പിടികൂടി.

സീതാമഠി ജില്ലയിലെ ഡുമ്ര, കേഥരിയ സ്വദേശിയായ മുഹമ്മദ് അജാജ് അഹമ്മദാണ് (30) കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. അതാബുല്‍ റഹ്‌മാൻ എന്ന പേരിലും ഇയാള്‍ അറിയപ്പെടുന്നുണ്ട്. വെള്ളിയാഴ്ച (നവംബർ 6) രാവിലെ പതിനൊന്നു മണിയോടെ കൊല്ലം ആണ്ടാമുക്കത്തുനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

കുടുംബത്തോടൊപ്പം ആണ്ടാമുക്കത്ത് ഒളിവില്‍ താമസിച്ചുവരികയായിരുന്ന പ്രതി കൊല്ലത്തെ ഒരു ചെരുപ്പുകടയില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. കൂടാതെ, പ്രദേശത്തെ ഒരു അഭിഭാഷകന്റെ ഡ്രൈവറായും ഇയാള്‍ ജോലി നോക്കിയിരുന്നതായി അന്വേഷണസംഘം അറിയിച്ചു. കൊല്ലം ഈസ്റ്റ് എസ്.ഐ. രഞ്ജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തത്.

കൊലപാതകം, വധശ്രമം, ആയുധനിയമ ലംഘനം, കവർച്ച, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ബിഹാറിലെ വിവിധ സ്റ്റേഷനുകളിലായി പതിനൊന്നിലേറെ കേസുകളില്‍ പ്രതിയാണ് ഇയാള്‍. ബിഹാറിലെ ഡുമ്ര, പുപ്രി, ബാജ്പട്ടി എന്നീ പോലീസ് സ്റ്റേഷനുകളില്‍ മോഷണം, കവർച്ച, ഭവനഭേദനം, ആയുധം കൈവശംവെക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കും മുസഫർപുരിലെ കത്ര സ്റ്റേഷനില്‍ കൊലപാതകം, വധശ്രമം, ഗൂഢാലോചന തുടങ്ങിയ ഗുരുതരമായ വകുപ്പുകള്‍ പ്രകാരവും കേസുകള്‍ നിലവിലുണ്ട്.

ബിഹാറിലെ ഇരട്ടക്കൊലപാതകത്തിന് ശേഷം വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചാണ് പ്രതി പോലീസിന്റെ കണ്ണുവെട്ടിച്ച്‌ കൊല്ലത്ത് എത്തിയത്. ജില്ലാ ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തിച്ചു. തുടർനടപടികള്‍ പൂർത്തിയാക്കി പ്രതിയെ ഉടൻതന്നെ ബിഹാർ പോലീസിന് കൈമാറും..