*'ഞാന്‍ അല്ല അവനെ വിളിച്ചു വരുത്തി കൊന്നത്; അവനെ കൊല്ലാനാണെങ്കില്‍ അവനെ സ്നേഹിക്കേണ്ട കാര്യം ഇല്ലായിരുന്നല്ലോ; ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല'; പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് തൊട്ടു മുന്‍പ് പെണ്‍കുട്ടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്; ഗൂഢാലോചന മുതല്‍ കൊലപാതകത്തിന് വരെ കൂട്ടുനിന്ന പതിനെട്ടുകാരി; അഭിറാം കേസില്‍ അന്വേഷണം ഊര്‍ജിതം*

 തിരുവനന്തപുരം ശ്രീകാര്യത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥി എ.ഡി. അഭിരാമിനെ കൊലപ്പെടുത്തി ചാക്കില്‍ക്കെട്ടി തള്ളിയ കേസില്‍ അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ച് പൊലീസ്. അഭിരാം കൊല്ലപ്പെട്ടതിനു പിന്നാലെ സുഹൃത്തായ പെണ്‍കുട്ടി ഇന്‍സ്റ്റഗ്രാമില്‍ ഇട്ട കുറിപ്പും, കൊലപാതകത്തിനു തൊട്ടുതലേന്ന് അഭിരാമും മറ്റുചിലരുമായി ഉണ്ടായ വാക്കേറ്റത്തിന്റെ വിഡിയോയും കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം നടക്കുന്നത്. അഭിരാമിന്റെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെയാണ് സുഹൃത്തായ പെണ്‍കുട്ടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടത്. തനിക്ക് കേസില്‍ പങ്കില്ലെന്നാണ് പോസ്റ്റില്‍ പറഞ്ഞിരുന്നത്. തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഈ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയായിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനു തൊട്ടു മുന്‍പാണ് ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഈ അക്കൗണ്ട് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. പ്രസ്തുത പെണ്‍കുട്ടിയെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരില്‍നിന്നു മൊഴി ശേഖരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

അഭിരാം കൊല്ലപ്പെടുന്നതിനു തൊട്ടുതലേന്നു മറ്റൊരു സംഘം അഭിരാമിനെ തടഞ്ഞുവയ്ക്കുന്നിന്റെയും തര്‍ക്കിക്കുന്നതിന്റെയും വിഡിയോയും പുറത്തുവന്നിട്ടുണ്ട്. കൂട്ടുകാരുടെ വാട്‌സാപ് ഗ്രൂപ്പുകളില്‍ പ്രചരിച്ച ഈ വിഡിയോയിലുള്ള കുട്ടികളെ കണ്ടെത്താനുള്ള ശ്രമവും പൊലീസിന്റെ ഭാഗത്തുനിന്ന് നടക്കുന്നുണ്ട്. അഭിരാമിന്റെ ഫോണില്‍നിന്നു സംഭവദിവസം വിളിച്ചവരെയും പൊലീസ് വിളിപ്പിച്ചു മൊഴിയെടുക്കും. കൊലയാളികള്‍ യഥാര്‍ഥത്തില്‍ കെണിയൊരുക്കിയത് അഭിരാമിന്റെ സുഹൃത്തായ മറ്റൊരു പതിനേഴുകാരനു വേണ്ടിയായിരുന്നു. അഭിരാമിനെ കൊണ്ട് വിളിപ്പിച്ചെങ്കിലും ആ സുഹൃത്ത് ആളൊഴിഞ്ഞ സ്ഥലത്തേക്ക് വരാന്‍ കൂട്ടാക്കിയില്ല. ഈ സുഹൃത്തില്‍നിന്നും പൊലീസ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

അഭിരാം വീട്ടില്‍ നിന്നിറങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിനു ലഭിച്ചിട്ടുണ്ട്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.46 നാണ് അഭിരാം വീട്ടില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയത്. ഒറ്റയ്ക്ക് നടന്നുപോകുന്ന അഭിരാമിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പെണ്‍സുഹൃത്താണെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രതികള്‍ വിളിച്ചതിനെ തുടര്‍ന്നാണ് അഭിരാം വീട്ടില്‍ നിന്നിറങ്ങിയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ബസില്‍ യാത്ര ചെയ്ത് ഉച്ചകഴിഞ്ഞ് 3 മണിയോടെ അഭിരാം സംഭവസ്ഥലത്തെത്തി. ആളൊഴിഞ്ഞ സ്ഥലത്തേക്ക് അഭിരാമിനെ എത്തിച്ച് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് അഞ്ചിനും ആറിനും ഇടയിലാണ് കൊലപാതകം നടന്നതെന്നാണ് അന്വേഷണസംഘം കരുതുന്നത്.

ഈ കൊലപാതകത്തില്‍ ഒന്നാം പ്രതിയായ പതിനേഴുകാരന്റെ പെണ്‍കുട്ടിയും പങ്കാളിയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. അഭിരാമിനെ ചാറ്റിലൂടെ പരിചയപ്പെട്ട് ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്താമെന്ന ആശയം മുന്നോട്ടുവച്ചത് ഒന്നാം പ്രതിയായ 17-കാരനാണ്. പെണ്‍സുഹൃത്തും ഈ നീക്കത്തെ പൂര്‍ണമായി പിന്തുണച്ചു. ശനിയാഴ്ച രാവിലെ പെണ്‍സുഹൃത്തിന്റെ സാന്നിധ്യത്തിലാണ് അഭിരാമിനു ആദ്യ സന്ദേശം അയച്ചത്. പെണ്‍കുട്ടിയെന്ന വ്യാജേന എങ്ങനെ ചാറ്റ് ചെയ്യണമെന്നതിനെക്കുറിച്ചുള്ള നിര്‍ദേശങ്ങളും പെണ്‍സുഹൃത്ത് നല്‍കിയെന്നാണ് പൊലീസ് കണ്ടെത്തല്‍. കേസില്‍ ഇതുവരെ 3 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. അഭിരാമിനെ കൊലപ്പെടുത്തിയ പതിനേഴുകാരനും പെണ്‍സുഹൃത്തായ അനന്തയും (18) ഉമര്‍ (21) എന്ന ഗുണ്ടയുമാണ് അറസ്റ്റിലായത്. ഇതില്‍ പതിനേഴുകാരന്‍ ഒന്നാം പ്രതിയും ഉമര്‍ രണ്ടാം പ്രതിയും അനന്ത മൂന്നാം പ്രതിയുമാണ്.

അഭിരാമിനെ കാണാനില്ലെന്ന പരാതി കിട്ടിയപ്പോള്‍ തന്നെ പൊലീസിന്റെ സംശയ നിഴലില്‍ ഇടംപിടിച്ചയാളാണ് ആനന്ദ എന്ന പതിനെട്ടുകാരി. ആദ്യമൊക്കെ പൊലീസിനോട് കള്ളം പറഞ്ഞ് രക്ഷപെടാനായിരുന്നു ആനന്ദയുടെ ശ്രമം. ഒടുവില്‍ കൊലപാതകത്തിന്റെ ആസൂത്രണം മുതല്‍ കൊല നടന്നത് വരെയുള്ള കാര്യങ്ങളില്‍ അറിവുണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയതോടെ ഐ.ടി.ഐ വിദ്യാര്‍ഥിനിയായ ആനന്ദ ജയിലിലായി. ഒന്നാം പ്രതിയായ പതിനേഴുകാരന്റെ പെണ്‍സുഹൃത്ത് എന്ന നിലയിലാണ് തിരുവനന്തപുരം മണക്കാട് സ്വദേശിനിയായ ആനന്ദ കേസിലേക്ക് വരുന്നത്. കഴക്കൂട്ടത്ത് ഐ.ടി.ഐയില്‍ പഠിക്കുന്നതിനിടയാണ് പതിനേഴുകാരനെ കാണുന്നതും പരിചയത്തിലാകുന്നതും. ഇതിനിടെ കൊല്ലപ്പെട്ട അഭിരാമും ആനന്ദയും ഇന്‍സ്റ്റഗ്രാം വഴി പരിചയക്കാരായിരുന്നു. അഭിരാം ചില സന്ദേശങ്ങള്‍ ആനന്ദയ്ക്ക് അയച്ചിട്ടുണ്ട്. ആനന്ദയുമായി അടുപ്പത്തിലാവുകയായിരുന്നു അഭിരാമിന്റെ ലക്ഷ്യം. ഇക്കാര്യം ആനന്ദ ഒന്നാം പ്രതിയായ പതിനേഴുകാരനോട് പറഞ്ഞിട്ടുമുണ്ടായിരുന്നു.

അഭിരാമിന്റെ സുഹൃത്തിനെ വിളിച്ചുവരുത്തി ആക്രമിക്കാന്‍ വഴിയാലോചിച്ചിരുന്ന ഒന്നാം പ്രതി, അഭിരാമിനെ അതിന് ആയുധമാക്കാന്‍ തീരുമാനിച്ചത് തന്നെ ആനന്ദയുമായുള്ള അഭിരാമിന്റെ അടുപ്പം കണ്ടാണ്. ആനന്ദയും അഭിരാമിനെ കെണിയില്‍ വീഴ്ത്താന്‍ തയാറായി. അങ്ങനെ ശനിയാഴ്ച രാവിലെ മണക്കാടെത്തിയ ഒന്നാം പ്രതിക്ക് ആനന്ദ തന്റെ മൊബൈല്‍ ഫോണ്‍ കൈമാറി. ആനന്ദയുടെ അടുത്ത് വെച്ചു തന്നെ പ്രതി അഭിരാമിന് ആദ്യ സന്ദേശം അയച്ചു. താനാണെന്ന് തെറ്റിദ്ധരിക്കുന്ന തരത്തില്‍ ചാറ്റ് ചെയ്യാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ആനന്ദ ഒന്നാം പ്രതിക്ക് പറഞ്ഞുകൊടുത്തു. ചാറ്റ് ചെയ്ത് വിളിച്ചു വരുത്തി ആക്രമിക്കുകയാണ് ലക്ഷ്യമെന്ന് അതിന് മുന്‍പ് തന്നെ പ്രതി ആനന്ദയോട് പറഞ്ഞിരുന്നു. കാപ്പാ കേസ് പ്രതിയായ ഉമര്‍ കൂടെ ആക്രമിക്കാന്‍ ഒപ്പമുണ്ടെന്ന കാര്യവും ഈ പതിനെട്ടുകാരിക്ക് അറിയാമായിരുന്നൂവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

ഞായറാഴ്ച രാത്രി പത്തരയോടെയാണ് അഭിരാമിനെ കാണാനില്ലെന്ന പരാതി ശ്രീകാര്യം പൊലീസില്‍ ലഭിക്കുന്നത്. അഭിരാമിന്റെ സുഹൃത്തിനോട് ചോദിച്ചപ്പോള്‍ ആനന്ദയുമായി ചാറ്റ് ചെയ്യാറുണ്ടെന്നും ആനന്ദയെ കാണാന്‍ പോകുന്നതായി പറഞ്ഞിരുന്നുവെന്നും സുഹൃത്തുക്കള്‍ പൊലീസിനോട് വ്യക്തമാക്കി. അതുകൊണ്ട് ഞായറാഴ്ച അര്‍ധരാത്രി തന്നെ പൊലീസ് ആനന്ദയെ തേടിയെത്തി. എന്നാല്‍ താന്‍ ഒന്നും അറിഞ്ഞിട്ടില്ലെന്നായിരുന്നു ആനന്ദയുടെ ആദ്യ മറുപടി. ചാറ്റ് ചെയ്തിട്ടില്ലെന്നും ഉറപ്പിച്ച് പറഞ്ഞു. എന്നാല്‍ ആനന്ദയുടെ ഫോണില്‍ നിന്ന് അഭിരാമിന് മെസേജ് വന്നിട്ടുണ്ടല്ലോയെന്ന് പൊലീസ് തിരിച്ച് ചോദിച്ചപ്പോള്‍, രണ്ട് ദിവസമായി തന്റെ മൊബൈല്‍ കാണാനില്ലെന്നായിരുന്നു മറുപടി. 'എന്നിട്ട് എന്താ പരാതി കൊടുക്കാത്തത്?' എന്ന് ചോദിച്ചപ്പോള്‍, ഒരു സുഹൃത്ത് വീട്ടില്‍ വന്നുപോയതു മുതലാണ് ഫോണ്‍ കാണാതായത്, അവന്‍ എടുത്തിട്ടുണ്ടാകുമെന്ന് കരുതിയെന്നാണ് ആനന്ദ അടുത്ത മറുപടി നല്‍കിയത്. 'ആരാണ് ആ സുഹൃത്ത്?' എന്ന് ചോദിച്ചപ്പോള്‍ പറഞ്ഞത് ഒന്നാം പ്രതിയായ പതിനേഴുകാരന്റെ പേരായിരുന്നു.

ആനന്ദ കള്ളം പറഞ്ഞതാണെങ്കിലും ആ നുണകള്‍ പ്രതിയായ പതിനേഴുകാരനിലേക്ക് എത്തിച്ചേരാന്‍ പൊലീസിനെ സഹായിച്ചു. അതിനുപിന്നാലെ പതിനേഴുകാരനെ ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരങ്ങള്‍ പൊലീസിന് പൂര്‍ണ്ണമായി ലഭിക്കുന്നത്. ഒടുവില്‍ ആനന്ദ പറഞ്ഞതെല്ലാം നുണയാണെന്നും എല്ലാ കാര്യങ്ങളും അറിഞ്ഞുകൊണ്ടാണ് ആനന്ദ കൂട്ടുനിന്നതെന്നും പൊലീസ് ഉറപ്പിച്ചു. അങ്ങനെ ആനന്ദ അട്ടക്കുളങ്ങര വനിത ജയിലിലുമായി.

പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് തൊട്ടു മുന്‍പ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച കുറിപ്പിലെ വരികള്‍ ഇങ്ങനെയായിരുന്നു: 'ഞാന്‍ അല്ല അവനെ വിളിച്ചു വരുത്തി കൊന്നത്; അവനെ കൊല്ലാനാണെങ്കില്‍ അവനെ സ്‌നേഹിക്കേണ്ട കാര്യം ഇല്ലായിരുന്നല്ലോ; ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല.' ഗൂഢാലോചന മുതല്‍ കൊലപാതകം വരെ നീണ്ട ഈ ദാരുണ സംഭവത്തില്‍ കൂടുതല്‍ കണ്ണികളുണ്ടോയെന്ന അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ് സംഘം.