*അഗ്‌നിപഥ് പദ്ധതിയില്‍ നിര്‍ണായക മാറ്റം; അഗ്‌നിവീറുകളുടെ സേവനകാലാവധി ആറു വര്‍ഷമാക്കി**സൈന്യത്തിൽ സ്ഥിരനിയമനത്തിനും വഴിതുറക്കും*

ഡൽഹി: മൂന്ന് സേനകളിലെയും അഗ്നിവീറുകൾക്ക് സ്ഥിരം സൈനികരായി സേനയുടെ ഭാഗമാകുന്നതിന് വഴിതുറക്കുന്ന നിർണായക തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. നാലു വർഷത്തെ സേവന കാലാവധിക്ക് ശേഷം ആദ്യഘട്ടത്തിൽ സ്ഥിരപ്പെടുത്താത്ത 75 ശതമാനം അഗ്നിവീറുകൾക്ക് രണ്ടു വർഷം കൂടി കാലാവധി നീട്ടി നൽകിയാണ് ഇത് സാധ്യമാക്കുക. 
ഇവരുടെ താല്പര്യവും സേനയുടെ കൃത്യമായ തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങളും അടിസ്ഥാനമാക്കി, ഈ കാലാവധി പൂർത്തിയാകുന്നതോടെ ഇവർക്കെല്ലാം സ്ഥിരം സൈനികരായി സൈന്യത്തിൽ തുടരാൻ അവസരം ലഭിക്കും. ഇതോടെ, അഗ്നിപഥ് പദ്ധതി വഴി സേനയിലെത്തുന്ന എല്ലാ അഗ്നിവീറുകൾക്കും സ്ഥിരം സൈനികരാകാനുള്ള അവസരമാണ് കൈവരുന്നത്.
കഴിഞ്ഞ നാല് വർഷമായി അഗ്നിവീറുകളുടെ പ്രകടനം നിരന്തരം വിലയിരുത്തിയ ശേഷമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് സംയുക്ത സൈനിക മേധാവി (സി.ഡി.എസ്) ജനറൽ രാജ സുബ്രഹ്മണി മാധ്യമങ്ങളോട് പറഞ്ഞു. സേനയുടെ യുവത്വവും ഊർജ്ജസ്വലതയും നിലനിർത്തുന്നതിനൊപ്പം തന്നെ പരിചയസമ്പന്നരായ സൈനികരെ ലഭ്യമാക്കാനും ഈ തീരുമാനം സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

അധികമായി ലഭിക്കുന്ന രണ്ട് വർഷത്തെ സേവന കാലയളവിൽ അഗ്നിവീറുകൾക്ക് ഉയർന്ന ശമ്പളം ലഭിക്കുമെന്നും, ഈ കാലാവധി പൂർത്തിയാക്കി സേനയിൽ നിന്ന് പുറത്തുപോകാൻ ആഗ്രഹിക്കുന്നവർക്ക് കൂടുതൽ ആകർഷകമായ സേവാനിധി പാക്കേജ് നൽകുമെന്നും ജനറൽ സുബ്രഹ്മണി കൂട്ടിച്ചേർത്തു.
ഈ മാസം മുതൽ വിവിധ ബാച്ചുകളിലെ അഗ്നിവീറുകൾ നാല് വർഷത്തെ കാലാവധി പൂർത്തിയാക്കുകയാണ്. ഇന്ത്യൻ നാവികസേനയിലെ ആദ്യ ബാച്ച് അഗ്നിവീറുകളുടെ കാലാവധി ഈ മാസമാണ് അവസാനിക്കുന്നത്.
2022 ൽ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതി പ്രകാരം, മൂന്ന് സേനാ വിഭാഗങ്ങളിലും നാല് വർഷത്തെ കാലാവധിക്ക് ശേഷം 25 ശതമാനം പേരെ മാത്രമായിരുന്നു സ്ഥിരപ്പെടുത്തിയിരുന്നത്. ബാക്കി 75 ശതമാനം പേർ വിരമിക്കേണ്ടിയിരുന്നു. കാലാവധി പൂർത്തിയാക്കുന്ന അഗ്നിവീറുകളിൽ കൂടുതൽ പേരെ നിലനിർത്തുന്നതിനെക്കുറിച്ച് സേനാ വിഭാഗങ്ങളും സൈനിക കാര്യ വകുപ്പും (ഡിപ്പാർട്ട്‌മെന്റ് ഓഫ് മിലിട്ടറി അഫയേഴ്‌സ്) തമ്മിൽ ചർച്ചകൾ നടത്തിവരികയായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ തീരുമാനം.