ന്യൂഡൽഹി: തമിഴ്നാട് മധുര ജില്ലയിലെ തിരുപ്പറംകുൺട്രം മലയിലെ ദീപത്തൂണിൽ നാളെ കാർത്തികദീപം തെളിയിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. തൃക്കാർത്തിക ദിനമായ 24നു ദീപത്തൂണിൽ കാർത്തികദീപം തെളിക്കാൻ നിർദേശിച്ച ഉത്തരവു അധികൃതർ പാലിക്കാത്തതിനെ രൂക്ഷമായി വിമർശിച്ച കോടതി, തമിഴ്നാട് ചീഫ്സെക്രട്ടറി, പൊലീസ് മേധാവി, ക്ഷേത്ര ട്രസ്റ്റിമാർ എന്നിവരുൾപ്പെടെയുള്ളവർക്ക് കോടതിയലക്ഷ്യ നോട്ടിസ് അയച്ചു. ചീഫ് സെക്രട്ടറിയോട് നേരിട്ട് ഹാജരാകാനാണ് നിർദേശം. ക്ഷേത്രത്തിലെ ട്രസ്റ്റി ബോർഡിനെ സസ്പെൻഡ് ചെയ്ത കോടതി, വിരമിച്ച ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് എസ്. വൈദ്യനാഥൻ, ജസ്റ്റിസ് വി. പാർഥിപൻ എന്നിവരെ റിസീവർമാരായി നിയമിച്ചു. ക്ഷേത്രത്തിന്റെയും തിരുപ്പറംകുൺട്രം കുന്നിന്റെയും സുരക്ഷ സിആർപിഎഫിന് കോടതി കൈമാറി. തിരുപുറം കൂൺട്രം മലയിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കണമെന്നും എല്ലാ വിശ്വാസികൾക്കും ദീപം തെളിയിക്കാൻ സൗകര്യം നൽകണമെന്നും കോടതി ഉത്തരവിലുണ്ട്. ഇതിനൊപ്പം സമീപത്തുള്ള ദർഗയ്ക്ക് മതിയായ സുരക്ഷ ഒരുക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
നവംബർ 24ന് ഒറ്റത്തവണത്തേക്ക് ദീപം തെളിയിക്കാൻ സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ ഉച്ചിപ്പിള്ളയാർ മണ്ഡപത്തിൽ അധികൃതർ ദീപം തെളിയിച്ചെങ്കിലും കുന്നിൻമുകളിലെ ദീപത്തൂണിൽ തെളിയിച്ചിരുന്നില്ല. ഇതാണ് കോടതിയുടെ രൂക്ഷവിമർശനത്തിന് ഇടയാക്കിയത്. ദീപം തെളിയിക്കാനുള്ള കോടതി ഉത്തരവ് മധുര ജില്ലാ കലക്ടറും സർക്കാരും മനഃപൂർവം ലംഘിച്ചതായുള്ള ഹർജികളാണ് കോടതി പരിഗണിച്ചത്. തമിഴ്നാട്ടിലെ ഉന്നത ഉദ്യോഗസ്ഥർ രാഷ്ട്രീയ മേലാളന്മാരുടെ ആജ്ഞയ്ക്കനുസരിച്ചാണ് പ്രവർത്തിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഉത്തരവ് പാലിക്കുന്നില്ലെങ്കിൽ നിശബ്ദരായി ഇരിക്കാനാവില്ല. ഭരണഘടനാപരമായ അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും കോടതി പറഞ്ഞു.