തുടർച്ചയായ വർധനവിൽ റെക്കോർഡ് മുന്നേറ്റം കൈവരിച്ച സ്വർണവിലയിൽ അപ്രതീക്ഷിത തിരിച്ചടി ഉണ്ടായിരിക്കുകയാണ്. വെള്ളിവിലയിലും കുത്തനെ ഇടിവ് സംഭവിച്ചു. എന്താണ് വിപണിയിൽ സംഭവിച്ചതെന്ന ആകാംക്ഷയിലാണ് ആഭരണപ്രേമികളും നിക്ഷേപകരും. ജനുവരിയിൽ ആഗോളതലത്തിൽ കിലോഗ്രാമിന് 4,20,048 രൂപ എന്ന റെക്കോർഡ് ഉയരത്തിലെത്തിയ വെള്ളിവിലയിൽനിന്ന് 57 ശതമാനത്തോളം മൂല്യം നഷ്ടമായിട്ടുണ്ട്. സ്വർണത്തിനും ജനുവരിയിലെ 1,80,779 രൂപയുടെ റെക്കോർഡ് വിലയിൽനിന്ന് 10 ഗ്രാമിന് 42,321 രൂപയുടെ ഇടിവുണ്ടായി.
സ്വർണം, വെള്ളി വിലയിടിവിന് പിന്നിൽ നിരവധി ആഗോള സാമ്പത്തിക ഘടകങ്ങളുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ക്രൂഡ് ഓയിൽ വിലയിലെ വർധനവ്, പണപ്പെരുപ്പ ആശങ്കകൾ, അമേരിക്കൻ ഫെഡറൽ റിസർവിന്റെ പലിശനിരക്ക് നയം എന്നിവയാണ് ഇപ്പോഴത്തെ സ്വർണം വെള്ളി വിലയിടിവിന്റെ കാരണമെന്ന് വിലയിരുത്തപ്പെടുന്നു.
ക്രൂഡ് ഓയിൽ വില ഉയരുന്നത് ആഗോളതലത്തിൽ പണപ്പെരുപ്പം വർധിക്കുന്നതിനുള്ള കാരണമാകുന്നുണ്ട്. ഇത് മുന്നിൽ കണ്ടുകൊണ്ട്, പണപ്പെരുപ്പം നിയന്ത്രിക്കാൻ അമേരിക്കൻ ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർന്ന നിലയിൽ നിലനിർത്തുകയോ വീണ്ടും വർധിപ്പിക്കുകയോ ചെയ്യുമെന്ന പ്രതീക്ഷയും നിക്ഷേപകരിൽ ഉണ്ടായി. ഇതോടെ ബോണ്ടുകൾ പോലുള്ള വരുമാനം നൽകുന്ന നിക്ഷേപങ്ങളിലേക്ക് നിക്ഷേപകർ തിരിഞ്ഞു. ഇതാണ് ആഗോളതലത്തിൽ സ്വർണത്തിന്റെ വിലയെ പ്രതികൂലമായി ബാധിച്ചത്. പലിശ വരുമാനം ലഭിക്കാത്ത നിക്ഷേപമാണ് സ്വർണം.
അതോടൊപ്പം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) മേഖലയിലെ വൻ നിക്ഷേപങ്ങൾ പ്രതീക്ഷിച്ച വരുമാനം നൽകുമോയെന്ന ആശങ്കയും ഉടലെടുത്തിരുന്നു. ഇത് ടെക്നോളജി ഓഹരികളുടെ വിൽപനയിൽ സമ്മർദമുണ്ടാക്കി. ഓഹരി വിപണിയിൽ സംഭവിച്ച നഷ്ടം നികത്താൻ ചില നിക്ഷേപകർ സ്വർണം ഉൾപ്പെടെയുള്ള മറ്റ് ആസ്തികൾ വിറ്റഴിക്കേണ്ടിവന്നതും ഇപ്പോഴത്തെ വിലയിടിവിന് കാരണമായതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
സ്വർണത്തെ അപേക്ഷിച്ച് വെള്ളിയുടെ വിലയിലാണ് വൻ ഇടിവ് കാണാൻ സാധിക്കുന്നത്. 2025 ൽ വെള്ളിവിലയിലുണ്ടായ വൻ കുതിപ്പിന് പിന്നാലെ നിക്ഷേപകർ ലാഭമെടുക്കാൻ തുടങ്ങിയത് ഇടിവിന്റെ പ്രധാന കാരണമാണ്. ആഗോള സാമ്പത്തിക വളർച്ച മന്ദഗതിയിലാകുമെന്ന ആശങ്ക ഉയരുമ്പോൾ വ്യാവസായിക ആവശ്യകത കുറയാനുള്ള സാധ്യതയും വിപണിയെ ബാധിക്കുന്നു. സോളാർ പാനലുകൾ, ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളിൽ വെള്ളിക്ക് വലിയ ആവശ്യകതയുണ്ട്.
എന്നാൽ വിലയിടിവിനിടയിലും സ്വർണത്തിനും വെള്ളിക്കും തിരിച്ചുവരവിന് ചില അനുകൂല ഘടകങ്ങളുണ്ടെന്നാണ് വിലയിരുത്തൽ. ഇന്ത്യയിൽ ഉത്സവകാലവും വിവാഹ സീസണും ആരംഭിക്കുന്നത് സ്വർണത്തിന്റെ ആവശ്യകത വർധിപ്പിക്കും. മാത്രമല്ല, ലോകമെമ്പാടുമുള്ള കേന്ദ്രബാങ്കുകൾ സ്വർണം വാങ്ങുന്നത് തുടരുന്നതും വില പിടിച്ചുനിർത്താൻ സഹായകരമായിരിക്കും. സോളാർ പാനലുകൾ, ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളിലെ ആവശ്യകത വെള്ളിക്കും ദീർഘകാല പിന്തുണ നൽകുന്നുണ്ട്.