*വെള്ളം കണ്ട് വണ്ടി തിരിക്കാൻ ശ്രമം! നടുക്കുന്ന കാഴ്ച ആദ്യം കണ്ടത് നാട്ടുകാർ; കൈയ്യിൽ പിടിക്കാൻ കിട്ടിയിട്ടും വഴുതി പോയി; തിരുവനന്തപുരത്ത് ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവറെ കാണതായി*

തിരുവനന്തപുരം...വെമ്പായം വേറ്റിനാട് കുറ്റിയാണി റോഡിൽ ശക്തമായ മഴയെ തുടർന്ന് ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവറെ കാണാതായി. പന്തലക്കോട് സ്വദേശി വിദ്യാധരനെയാണ് കാണാതായത്. ഓട്ടോയിലുണ്ടായിരുന്ന വിദ്യാധരന്റെ ഭാര്യ ലതയെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി.

ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് അപകടം നടന്നത്. കനത്ത മഴയെ തുടർന്ന് റോഡും സമീപത്തെ തോടും തിരിച്ചറിയാൻ കഴിയാത്ത വിധം പ്രദേശത്ത് വെള്ളം കയറിയിരുന്നു. വിവാഹസത്കാരം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇവർ റോഡിലെ വെള്ളക്കെട്ട് കണ്ട് ഓട്ടോ തിരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അബദ്ധത്തിൽ തോട്ടിലേക്ക് മറിഞ്ഞത്.

അപകടം കണ്ട ഉടൻ തന്നെ ഓടിയെത്തിയ നാട്ടുകാരാണ് പ്രാഥമിക രക്ഷാപ്രവർത്തനം നടത്തിയത്. രക്ഷാപ്രവർത്തനത്തിനിടെ വിദ്യാധരന്റെ കൈയിൽ പിടിക്കാൻ സാധിച്ചെങ്കിലും ശക്തമായ ഒഴുക്കിൽ വഴുതിപ്പോവുകയായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു.

സംഭവസ്ഥലത്ത് വെഞ്ഞാറമൂട്, നെടുമങ്ങാട് ഫയർഫോഴ്‌സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ കാണാതായ വിദ്യാധരനായി ശക്തമായ തിരച്ചിൽ തുടരുകയാണ്.