വാഹന ഉടമകളുടെ വാട്സാപ്പിലേക്ക് ട്രാഫിക് പിഴ സംബന്ധിച്ച് സ്വകാര്യ ഏജൻസികളുടെയും ആപ്പുകളുടെയും സന്ദേശങ്ങൾ ലഭിക്കുന്നത് വ്യാപകമാകുന്നു.സർക്കാരിന്റെയോ പോലീസിന്റെയോ ഔദ്യോഗിക സംവിധാനങ്ങളിൽ നിന്നല്ലാതെ ലഭിക്കുന്ന ഇത്തരം സന്ദേശങ്ങളെക്കുറിച്ച് പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് അധികൃതർ വ്യക്തമാക്കുന്നു.
സന്ദേശങ്ങൾക്ക് പിന്നിൽ സ്വകാര്യ പ്ലാറ്റ്ഫോമുകൾ
വാഹന നമ്പർ, നിലവിലുള്ളതോ പഴയതോ ആയ ചലാൻ വിവരങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് സ്വകാര്യ തേർഡ് പാർട്ടി പ്ലാറ്റ്ഫോമുകൾ വാട്സാപ്പിൽ സന്ദേശങ്ങൾ അയക്കുന്നത്. കോടതി നടപടികൾ, വാഹനം കണ്ടുകെട്ടൽ, ലൈസൻസ് റദ്ദാക്കൽ തുടങ്ങിയ നിയമപരമായ മുന്നറിയിപ്പുകൾ നൽകിയാണ് ഇത്തരം സന്ദേശങ്ങളിൽ പിഴയടക്കാൻ നിർദ്ദേശിക്കുന്നത്. എന്നാൽ, ഇവ സർക്കാരിന്റെയോ മോട്ടോർ വാഹന വകുപ്പിന്റെയോ (MVD) ഔദ്യോഗിക വാട്സാപ്പ് സന്ദേശങ്ങളല്ല; മറിച്ച് വിവരങ്ങൾ നൽകുന്നതിനും മാർക്കറ്റിംഗിനുമായി സ്വകാര്യ കമ്പനികൾ അയക്കുന്ന അറിയിപ്പുകളാണ്.
*പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ*
സ്വകാര്യ ആപ്പുകൾ വഴിയോ വെബ്സൈറ്റുകൾ വഴിയോ പിഴയടക്കുമ്പോൾ യഥാർത്ഥ പിഴത്തുകയ്ക്ക് പുറമെ അധിക തുക (കൺവീനിയൻസ് ഫീ) ഈടാക്കപ്പെടാൻ സാധ്യതയുണ്ട്.
മോട്ടോർ വാഹന വകുപ്പോ കേരള പോലീസോ വ്യക്തിഗത മൊബൈൽ നമ്പറുകളിൽ നിന്നുള്ള വാട്സാപ്പ് സന്ദേശങ്ങൾ വഴിയല്ല ഔദ്യോഗികമായി പിഴ വിവരങ്ങൾ പങ്കുവെക്കുന്നത്.
സൈബർ സുരക്ഷ മുൻനിർത്തി, അൺവെരിഫൈഡ് സന്ദേശങ്ങളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് വ്യക്തിഗത വിവരങ്ങളോ ബാങ്കിംഗ് വിവരങ്ങളോ കൈമാറുന്നത് ഒഴിവാക്കണം.
പിഴ പരിശോധിക്കാൻ ഔദ്യോഗിക സംവിധാനം
വാഹനങ്ങൾക്ക് ഫൈൻ ഉണ്ടോ എന്ന് പരിശോധിക്കുന്നതിനും സുരക്ഷിതമായി അടയ്ക്കുന്നതിനും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ അംഗീകൃത പോർട്ടലുകൾ മാത്രം ആശ്രയിക്കുക:
ഔദ്യോഗിക വെബ്സൈറ്റ്: echallan.parivahan.gov.in സന്ദർശിക്കുക.
പോർട്ടലിലെ ‘Check Challan Status’ എന്നതിൽ ക്ലിക്ക് ചെയ്ത് വാഹന നമ്പർ, എഞ്ചിൻ/ചേസിസ് നമ്പറിന്റെ അവസാന 5 അക്കങ്ങൾ എന്നിവ നൽകുക.
പിഴ അടക്കാനുണ്ടെങ്കിൽ കൃത്യമായ തീയതിയും നിയമലംഘനത്തിന്റെ വിവരങ്ങളും നേരിട്ട് കാണാനും അധിക ചാർജുകളില്ലാതെ സർക്കാരിലേക്ക് സുരക്ഷിതമായി അടയ്ക്കാനും കഴിയും.
കൂടാതെ, കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ 'mParivahan' വഴിയും വിവരങ്ങൾ ഉറപ്പുവരുത്താവുന്നതാണ്.
ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് സർക്കാർ പോർട്ടലുകൾ മാത്രം ഉപയോഗിക്കണമെന്നും സംശയകരമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും അധികൃതർ അറിയിച്ചു.