വര്‍ക്കലയില്‍ വറ്റ മത്സ്യം കഴിച്ച് ഗുരുതരാവസ്ഥയിൽ ആയിരുന്ന യുവാവ് മരിച്ചു

തിരുവനന്തപുരം: വര്‍ക്കലയില്‍ വറ്റ മത്സ്യം കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു. വര്‍ക്കല സ്വദേശി സുധീര്‍ (40) ആണ് മരിച്ചത്. കഴിഞ്ഞ മാസം 30നാണ് ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് സുധീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെയാണ് മരണം.

തിരുവനനന്തപുരം മെഡിക്കല്‍ കോളേജിലായിരുന്നു സുധീറിനെ പ്രവേശിപ്പിച്ചിരുന്നത്. വറ്റ മത്സ്യം കഴിച്ച 27 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. ഗുരുതരാവസ്ഥയിലായ ചിലക്കൂര്‍ സ്വദേശിയായ 17 കാരന്‍ ഹാഷിം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലും ചികിത്സയിലാണ്.
നിരവധി പേര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടതിനു പിന്നാലെ മത്സ്യത്തിന്റെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി. വെട്ടൂരില്‍ വിറ്റ മത്സ്യം കഴിച്ചാണ് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായത്. പിന്നാലെ വെട്ടൂരില്‍ വറ്റ മത്സ്യത്തിന്റെ വില്‍പന നിര്‍ത്തിവച്ചിരുന്നു.
തീരദേശ മേഖലയില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി വറ്റ മത്സ്യത്തിന്റെ ചാകരയുണ്ടായിരുന്നു. തുടര്‍ന്ന് വിപണിയില്‍ നിന്നും മത്സ്യം വാങ്ങി ഉപയോഗിച്ച ചിലര്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. മത്സ്യം വാങ്ങുമ്പോള്‍ അതീവ ജാഗ്രത പാലിക്കണമെന്നും ഭക്ഷ്യയോഗ്യമായ മത്സ്യങ്ങള്‍ മാത്രമേ വാങ്ങി ഉപയോഗിക്കാവൂ എന്നും കര്‍ശന ജാഗ്രത പുലര്‍ത്തണമെന്നും വർക്കല നഗരസഭ മുന്നറിയിപ്പ് നല്‍കി.