വർഷങ്ങളായി അപസ്മാരത്തിന് ലാമോട്രിജിൻ എന്ന മരുന്ന് കഴിച്ചിരുന്ന ബോവൻ, ഇത് ഓർമശക്തിയെയും സംസാരശേഷിയെയും ബാധിക്കുന്നുവെന്ന സംശയത്തിലായിരുന്നു. ജോലി നഷ്ടപ്പെടുമെന്ന ആശങ്കയും വിസ നടപടികളുടെ അനിശ്ചിതത്വവും പുതിയ ജോലി കണ്ടെത്താനുള്ള ബുദ്ധിമുട്ടും കാരണം മരുന്ന് കുറയ്ക്കാൻ ഇവർ ചാറ്റ്ജിപിടിയോട് മാർഗം തേടുകയായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. ദിവസവും കഴിച്ചിരുന്ന 400 മില്ലിഗ്രാം മരുന്ന് ഏകദേശം 25 ദിവസത്തിനുള്ളിൽ ഘട്ടംഘട്ടമായി നിർത്താനുള്ള സമയക്രമം ചാറ്റ്ജിപിടിയുടെ ജിപിടി-4ഒ മോഡൽ നൽകിയെന്നാണ് ഹർജിയിലെ പ്രധാന ആരോപണം.
മരുന്ന് കുറയ്ക്കുന്നതിനിടെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായപ്പോൾ അത് രോഗമുക്തിയുടെ ലക്ഷണമാണെന്ന് ചാറ്റ്ബോട്ട് തെറ്റിദ്ധരിപ്പിച്ചതായും ഡോക്ടറോട് ഇക്കാര്യം പറയേണ്ടതില്ലെന്ന് നിർദേശിച്ചതായും പരാതിയിലുണ്ട്. മരുന്ന് പൂർണമായി നിർത്താൻ ചാറ്റ്ബോട്ട് നിർദേശിച്ച ഫെബ്രുവരി 12നാണ് ബോവന്റെ മരണം സംഭവിച്ചതെന്ന് അഭിഭാഷകർ വ്യക്തമാക്കുന്നു. അപസ്മാര രോഗികളിലുണ്ടാകുന്ന പെട്ടെന്നുള്ള മരണമാണ് കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ലൈസൻസില്ലാതെ ചികിത്സാ നിർദേശങ്ങൾ നൽകിയതിനെതിരെയാണ് സോഷ്യൽ മീഡിയ വിക്ടിംസ് ലോ സെന്ററും ദ ഷെങ്ക് ലോ ഫേമും ചേർന്ന് ഹർജി നൽകിയത്.
സംഭവം അതീവ ദുഃഖകരമാണെന്നും ദുരിതമനുഭവിക്കുന്ന കുടുംബത്തോടൊപ്പം നിൽക്കുന്നുവെന്നും ഓപ്പൺഎഐ പ്രതികരിച്ചു. യുവതി ഉപയോഗിച്ചിരുന്നത് പഴയ പതിപ്പായിരുന്നുവെന്നും പുതിയ സംവിധാനങ്ങൾക്ക് അടിയന്തര സാഹചര്യങ്ങൾ കൂടുതൽ കാര്യക്ഷമമായി തിരിച്ചറിയാൻ കഴിയുമെന്നും കമ്പനി അറിയിച്ചു. ചാറ്റ്ജിപിടി ഒരിക്കലും വിദഗ്ധ ചികിത്സയ്ക്ക് പകരമല്ലെന്നും കമ്പനി വക്താവ് വ്യക്തമാക്കി.