1987 ല്‍ ശിവഗിരി ബ്രഹ്മവിദ്യാലയത്തില്‍ വിദ്യാര്‍ത്ഥിയായി ചേര്‍ന്നു. ശ്രീനാരായണ ഗുരുദേവന്‍റെ റിക്ഷ വലിക്കുന്നതിന് അപൂര്‍വ്വ ഭാഗ്യം സിദ്ധിച്ച ദിവ്യശ്രീ മാധവാനന്ദ സ്വാമികളില്‍ നിന്നും ബ്രഹ്മചര്യദീക്ഷ സ്വീകരിച്ചു ശ്രുതിചൈതന്യയായി. ബ്രഹ്മവിദ്യാലയത്തിലെ പഠനശേഷം സംന്യാസദീക്ഷ സ്വീകരിച്ചു. 1993 ല്‍ ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റില്‍ അംഗമായി ഗുരുപരമ്പരയില്‍ ചേര്‍ന്നു.
2006 മുതല്‍ 2016 വരെയും, 2021 മുതല്‍ 2022 വരെയും ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റിന്‍റെ ജനറല്‍ സെക്രട്ടറിയായിരുന്നു. ഇപ്പോള്‍ ശിവഗിരി ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റല്‍, എസ്.എസ്.എന്‍.എം.എം. സ്കൂള്‍ ഓഫ് നഴ്സിംഗ്, കോളേജ് ഓഫ് നഴ്സിംഗ് എന്നിവയുടെ സെക്രട്ടറിയായും ശിവഗിരി ശ്രീനാരായണ സീനിയര്‍ സെക്കണ്ടറി സ്കൂള്‍ (സി.ബി.എസ്.ഇ), വക്കം ശ്രീശാരദാവിദ്യാനികേതന്‍ എന്നിവയുടെ മാനേജരായും സേവനമനുഷ്ഠിക്കുന്നു.
കഴിഞ്ഞ 39 വര്‍ഷങ്ങളായി ഗുരുധര്‍മ്മപ്രചരണാര്‍ത്ഥം ഇന്ത്യയ്ക്കകത്തും പുറത്തുമായി നിരവധി പ്രഭാഷണങ്ങളും നടത്തിയിട്ടുണ്ട്. പൊട്ടി ശ്രീരാമലു തെലുങ്കു യൂണിവേഴ്സിറ്റി ഹൈദരാബാദ്, ഒസ്മാനിയാ യൂണിവേഴ്സിറ്റി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ് സ്റ്റഡീസ് (സിംല) തുടങ്ങി വിവിധ യൂണിവേഴ്സിറ്റികളില്‍ പേപ്പറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ ശിവഗിരി മാസിക തുടങ്ങിയ ആനുകാലികങ്ങള്‍, ദിനപ്പത്രങ്ങള്‍, കേരളസാഹിത്യ അക്കാദമി, കേരളകൗമുദി തുടങ്ങി വിവിധ ഏജന്‍സികള്‍ പബ്ലിഷ് ചെയ്ത പല പുസ്തകങ്ങളിലും ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിനുപുറമേ കേരള ഭാഷാഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച "ശ്രീനാരായണ ഗുരുവിന്‍റെ ജീവിതദര്‍ശനം" എന്ന പുസ്തകത്തിന്‍റെ ഗ്രന്ഥകര്‍ത്താവുമാണ്.
പ്രവാസിഭാരതി സ്പിരിച്വല്‍ എക്സലന്‍സ് അവാര്‍ഡ്, എസ്.എന്‍.ഡി.പി യോഗം ഗുരുപ്രസാദം അവാര്‍ഡ്, അയ്യപ്പന്‍ മാസ്റ്റര്‍ സ്മാരക അവാര്‍ഡ്, ടി.ആര്‍ എഡ്യൂക്കേഷണല്‍ ട്രസ്റ്റ് ശ്രീനാരായണ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഇതിനും പുറമേ ബഹറിന്‍, യു.എ.ഇ, കുവൈറ്റ്, ഒമാന്‍, വത്തിക്കാന്‍ (റോം), ആസ്ട്രേലിയ, യു.കെ, യു.എസ്.എ, ഇന്‍ഡോനേഷ്യ, ശ്രീലങ്ക തുടങ്ങിയ വിദേശ രാജ്യങ്ങളും ധര്‍മ്മപ്രചരണാര്‍ത്ഥം സഞ്ചരിച്ചിട്ടുണ്ട്.
ശ്രീമത് വിശുദ്ധാനന്ദസ്വാമികള്‍ (ജനറല്‍ സെക്രട്ടറി)
ശ്രീമത് വിശുദ്ധാനന്ദസ്വാമികള്‍ 1968 ല്‍ ശിവഗിരിയില്‍ വിദ്യാര്‍ത്ഥിയായി എത്തി. 1974 ല്‍ സന്യാസദീക്ഷ സ്വീകരിച്ചു. ധര്‍മ്മസംഘംട്രസ്റ്റിന്‍റെ മുന്‍പ്രസിഡന്‍റ്, ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 2019 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. 1984 ല്‍ ആണ് സ്വാമികള്‍ ആദ്യമായി ജനറല്‍ സെക്രട്ടറിയായി നിയോഗിക്കപ്പെട്ടത്.
ഗുരുദേവന്‍റെ തപോഭൂമിയായിരുന്ന മരുത്വാമലയെ ദക്ഷിണേന്ത്യയിലെ ഒരു പ്രമുഖ തീര്‍ത്ഥാടനകേന്ദ്രമാക്കി വികസിപ്പിക്കുന്നതിലും ശ്രീനാരായണ ഗുരു ഉപരി പഠനം നടത്തിയ ചേവണ്ണൂര്‍ കളരി വീണ്ടെടുത്ത് ആധുനിക വത്ക്കരണം നടത്തുന്നതിലും സ്വാമി നേതൃത്വപരമായ പങ്ക് വഹിച്ചു. 2016 ല്‍ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റായി. ഗുരുധര്‍മ്മപ്രചരണാര്‍ത്ഥം ഗള്‍ഫ്നാടുകളും ശ്രീലങ്കയും സന്ദര്‍ശിച്ചിട്ടുണ്ട്.
ശ്രീമത് ശാരദാനന്ദ സ്വാമികള്‍ (ട്രഷറര്‍)
1988 ല്‍ ശിവഗിരി ബ്രഹ്മവിദ്യാലയത്തില്‍ വിദ്യാര്‍ത്ഥിയായി. 1995- ല്‍ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് ബ്രഹ്മശ്രീ പ്രകാശാനന്ദസ്വാമികളില്‍ നിന്നും സന്ന്യാസ ദീക്ഷ സ്വീകരിച്ചു. ശിവഗിരി ബ്രഹ്മവിദ്യാലയം ആചാര്യനായും സംരക്ഷണാചാര്യനായും സേവനമനുഷ്ഠിച്ചിട്ടുള്ള സ്വാമികള്‍ ഗുരുദര്‍ശനസംബന്ധമായ ഒട്ടേറെ കൃതികള്‍ സമാഹരിച്ച് മഠത്തിനുവേണ്ടി പ്രസാധനം ചെയ്തിട്ടുണ്ട്. ദീര്‍ഘകാലം ധര്‍മ്മസംഘം ട്രസ്റ്റിന്‍റെ എയിഡഡ് സ്കൂളുകളുടെ കോര്‍പ്പറേറ്റ് മാനേജരായിരുന്നു. ഇപ്പോള്‍ മഠം പബ്ലിക്കേഷന്‍സ്, ബുക്ക്സ്റ്റാള്‍, ഗസ്റ്റ്ഹൗസ്, മാസിക തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നു. 2016 മുതല്‍ ധര്‍മ്മസംഘം ട്രസ്റ്റിന്‍റെ ഖജാന്‍ജിയായി പ്രവര്‍ത്തിച്ചു വരുന്നു.