*മദ്യപിച്ച് വാഹനമോടിക്കുന്ന വർക്കെതിരെയുള്ള നടപടികൾ കടുപ്പിച്ച് മോട്ടോർ വാഹനവകുപ്പും പോലീസും*

ലഹരിയിൽ വാഹനംമോടിച്ചുണ്ടാക്കുന്ന അപകടങ്ങളും കുറ്റകൃത്യങ്ങളും വർദ്ധിക്കുന്ന സാഹചര്യത്തിൽ, മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെയുള്ള നടപടികൾ കടുപ്പിച്ച് മോട്ടോർ വാഹനവകുപ്പും പോലീസും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ രാത്രിയും പകലും ഒരുപോലെ പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്. 

കഴിഞ്ഞ ആഴ്ച കോട്ടയം ജില്ലയിൽ മാത്രം 528 പേരാണ് മദ്യപിച്ച് വാഹനംമോടിച്ച് പിടിയിലായത്. ഇത്തരത്തിൽ പിടിയിലാകുന്നവരുടെ ലൈസൻസ് റദ്ദാക്കാനോ സസ്പെൻഡ് ചെയ്യാനോ ഉള്ള ശിപാർശ പോലീസ് മോട്ടോർ വാഹന വകുപ്പിന് കൈമാറുന്നുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഒരു വർഷത്തിനിടെ കോട്ടയം ജില്ലയിൽ മാത്രം മദ്യപിച്ച് വാഹനമോടിച്ച 240 പേരുടെ ലൈസൻസ് മൂന്നു മാസത്തേക്ക് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. 

എന്നാൽ മൂന്നു മാസത്തെ സസ്പെൻഷൻ കാലാവധി കഴിഞ്ഞാലും ഇവർക്ക് ഉടൻ തന്നെ ലൈസൻസ് തിരികെ ലഭിക്കില്ല. സസ്പെൻഷൻ കാലയളവ് അവസാനിച്ച ശേഷം മോട്ടോർ വാഹന വകുപ്പ് നിർദ്ദേശിക്കുന്ന ട്രെയിനിങ് കേന്ദ്രങ്ങളിൽ എത്തി മൂന്ന് ദിവസത്തെ 'കറക്ടീവ് ട്രെയിനിങ് പ്രോഗ്രാമിൽ' പങ്കെടുത്ത് വിജയിക്കേണ്ടത് നിർബന്ധമാണ്. പരിശീലനം പൂർത്തിയാക്കിയാൽ മാത്രമേ ഇനി ലൈസൻസ് തിരികെ നൽകുകയുള്ളൂ