ബംഗളൂരു കോട്ടൻപേട്ടിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവം നാടിനെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. പത്തനംതിട്ട അടൂർ പന്തളം സ്വദേശിയായ ഇരുപത്തിരണ്ടുകാരി ഗംഗയാണ് ദാരുണമായി കൊല്ലപ്പെട്ടത്. അതിരമ്പല കിഴക്ക് ശിവഗംഗയിൽ അനിൽകുമാർ ബിന്ദു ദമ്പതികളുടെ ഇളയ മകളാണ് ഗംഗ. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം സ്വദേശിയായ ഇരുപത്തിമൂന്നുകാരൻ ഗോകുൽ കൃഷ്ണയെ പോലീസ് അറസ്റ്റ് ചെയ്തു.
ബംഗളൂരു നിലമംഗലയിലെ ഹർഷ നഴ്സിംഗ് കോളേജിൽ നഴ്സിംഗ് പഠനം പൂർത്തിയാക്കിയ ഗംഗ തുടർന്ന് ജോലി അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. പഠനകാലത്താണ് ഗംഗയും ഗോകുൽ കൃഷ്ണയും പരിചയപ്പെടുന്നതും പിന്നീട് അടുപ്പത്തിലാകുന്നതും. നാലുവർഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നും ഗംഗ ഗോകുൽ കൃഷ്ണയുടെ ജൂനിയർ ആയിരുന്നുവെന്നുമാണ് പോലീസ് നൽകുന്ന വിവരം. നഴ്സിംഗ് പ്രവേശനം നേടിക്കൊടുക്കുന്നതിനും പഠനം പൂർത്തിയാക്കിയവർക്ക് ജോലി കണ്ടെത്തി നൽകുന്നതിനും ആവശ്യമായ ഇടപെടലുകൾ നടത്തുന്ന വ്യക്തി കൂടിയാണ് ഗോകുൽ കൃഷ്ണ.
ഗംഗയ്ക്ക് ജോലി തേടിയാണ് ഇരുവരും വ്യാഴാഴ്ച കേരളത്തിൽ നിന്നും ബംഗളൂരുവിൽ എത്തിയത്. കോട്ടൻപേട്ട് ഒടിസി റോഡിൽ, തവക്കൽ മസ്താൻ ദർഗ്ഗയ്ക്ക് സമീപമുള്ള റീജൻസി ഇൻ ലോഡ്ജിലാണ് ഇവർ മുറിയെടുത്തത്. എന്നാൽ വെള്ളിയാഴ്ച രാവിലെ ഇരുവരും തമ്മിൽ വലിയ തർക്കമുണ്ടാവുകയും, ഇതിനിടയിൽ ഗോകുൽ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഗംഗയുടെ വയറ്റിൽ കുത്തുകയുമായിരുന്നു എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഗുരുതരമായി പരിക്കേറ്റ് രക്തം വാർന്ന ഗംഗയെ ഉടൻ തന്നെ വിക്ടോറിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബംഗളൂരുവിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
സംഭവത്തിന് ശേഷം ഗോകുൽ തന്നെയാണ് ലോഡ്ജിൽ അധികൃതരോട് കൊലപാതക വിവരം അറിയിച്ചത്. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയും പോലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. തലേദിവസം വൈകുന്നേരം ലോഡ്ജിന് സമീപത്തെ റോഡരികിൽ വച്ച് ഇരുവരും തമ്മിൽ വാക്കേറ്റത്തിൽ ഏർപ്പെട്ടതായി സമീപവാസികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ലോഡ്ജിലേക്ക് വരുമ്പോൾ തന്നെ ഗോകുൽ കൃഷ്ണ കത്തി കൈവശം കരുതിയിരുന്നതായും പോലീസിന് സംശയമുണ്ട്. കൊലപാതകത്തിലേക്ക് നയിച്ച കൃത്യമായ കാരണം എന്താണെന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ലെന്നും, ഗോകുലിനെ ചോദ്യം ചെയ്തു വരികയാണെന്നും അന്വേഷണത്തിലൂടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നുമാണ് പോലീസ് അറിയിച്ചിരിക്കുന്നത്.