പാലക്കാട് ജ്വല്ലറിയിൽ പട്ടാപ്പകൽ വെടിയുതിർത്ത് 20 പവൻ സ്വർണം കവർന്നു #സ്റ്റൂൾ കൊണ്ട് അക്രമികളെ നേരിട്ട് വനിതാ ജീവനക്കാർ

പാലക്കാട് ജ്വല്ലറിയിൽ പട്ടാപ്പകൽ വെടിയുതിർത്ത് 20 പവൻ സ്വർണം കവർന്നു #സ്റ്റൂൾ കൊണ്ട് അക്രമികളെ നേരിട്ട് വനിതാ ജീവനക്കാർ

മുഖം മൂടിയൊന്നും ധരിക്കാതെ പട്ടാപകൽ പാലക്കാട് പെരിങ്ങോട്ടുകുറിശ്ശിയിലെ 'ഇഷാൻ ഗോൾഡ്' ജ്വല്ലറിയിൽ ആയുധധാരികളായ സംഘം വെടിയുതിർത്ത് 20 പവനോളം സ്വർണം കവർന്നു. ( സിസിടിവിയിൽ പതിഞ്ഞ മോഷ്ടാങ്ങളുടെ ചിത്രമാണ് ഇതോടൊപ്പം)

ഇന്ന് ഉച്ചയ്ക്ക് 2:30-ഓടെയാണ് കോട്ടായി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പെരിങ്ങോട്ടുകുറിശ്ശിയിലെ ഇഷാൻ ജ്വല്ലറിയിൽ കവർച്ച നടന്നത്.
 സ്വർണം വാങ്ങാനെന്ന വ്യാജേനയാണ് മുഖംമൂടി ധരിക്കാത്ത യുവാക്കൾ കടയിലെത്തിയത്. ആഭരണങ്ങൾ നോക്കുന്നതിനിടെ സംഘത്തിലൊരാൾ ജീവനക്കാർക്ക് നേരെ തോക്ക് ചൂണ്ടുകയും മറ്റൊരാൾ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു.
 ജീവനക്കാരും കടയുടമയും അക്രമികളെ പ്രതിരോധിക്കാൻ ശ്രമിച്ചതോടെ സംഘം ഒരു തവണ വെടിയുതിർത്തു. വനിതാ ജീവനക്കാർ ഉൾപ്പെടെയുള്ളവർ സ്റ്റൂൾ ഉപയോഗിച്ച് അക്രമികളെ ചെറുക്കാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തുടർന്ന് കയ്യിൽ കിട്ടിയ ആഭരണങ്ങളുമായി സംഘം കടന്നുകളഞ്ഞു.
കവർച്ചയ്ക്ക് ശേഷം സംഘം കാറിൽ തൃശ്ശൂർ ജില്ലയിലെ തിരുവില്വാമല ഭാഗത്തേക്കാണ് രക്ഷപ്പെട്ടതെന്നാണ് സൂചന. ഹിന്ദി സംസാരിക്കുന്ന ഇതര സംസ്ഥാനക്കാരാണ് പ്രതികളെന്നാണ് പ്രാഥമിക നിഗമനം. കോട്ടായി പൊലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.