കടയിലെത്തിയ പാർസൽ വാങ്ങി സൂക്ഷിച്ചു, സഊദിയിൽ പ്രവാസി ജയിലിൽ കഴിഞ്ഞത് 20 വർഷം ; നിരപരാധിത്വം തെളിഞ്ഞതോടെ മോചന

സ്പോൺസറുടെ മകന്റെ നിർദേശപ്രകാരം കടയിലെത്തിയ പാർസൽ ഏറ്റുവാങ്ങി സൂക്ഷിച്ചതിന്റെ പേരിലാണ് നിരപരാധിയായ ഇദ്ദേഹം 20 വർഷം ജയിലിൽ കിടക്കേണ്ടി വന്നത്.

റിയാദ്: സ്പോൺസറുടെ മകന്റെ നിർദേശപ്രകാരം കടയിലെത്തിയ പാർസൽ ഏറ്റുവാങ്ങി സൂക്ഷിച്ചതിന്റെ പേരിൽ സൗദി അറേബ്യയിൽ മയക്കുമരുന്ന് കേസിൽ കുടുങ്ങി 20 വർഷത്തെ തടവുശിക്ഷ നേരിടേണ്ടിവന്ന പ്രവാസി ഇന്ത്യക്കാരന് ആശ്വാസ മോചനം. കേളി കലാ സാംസ്കാരിക വേദിയുടെ ശക്തമായ നിയമപോരാട്ടത്തിനൊടുവിലാണ് ഉത്തർപ്രദേശ് സ്വദേശിയായ മുഹമ്മദ് ഷംസിന്റെ നിരപരാധിത്വം കോടതിയിൽ തെളിയിക്കാനായത്. ഗൾഫ് രാജ്യങ്ങളിൽ ജോലിക്കായെത്തുന്ന പ്രവാസികൾക്ക് വലിയൊരു മുന്നറിയിപ്പുകൂടിയാണ് ഈ സംഭവം.

അൽഖർജ് മേഖലയിൽ പിതാവും മകനും ചേർന്ന് നടത്തുന്ന വക്കാലയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്ഥാപനത്തിൽ ജീവനക്കാരനായിരുന്ന മുഹമ്മദ് ഷംസിനെ സ്പോൺസറുടെ മൂത്ത മകൻ ഫോണിൽ വിളിച്ച് കടയ്ക്ക് മുന്നിൽ ഒരു വാഹനം എത്തിയിട്ടുണ്ടെന്നും അതിലുള്ള സാധനങ്ങൾ സ്ഥാപനത്തിനുള്ളിലേക്ക് മാറ്റി സൂക്ഷിക്കണമെന്നും നിർദേശിക്കുകയായിരുന്നു. പരിചയമുള്ളവരുടെ വാക്ക് വിശ്വസിച്ച് തൊഴിലാളികൾ പാർസൽ കടയ്ക്കുള്ളിൽ ഇറക്കിവെച്ചെങ്കിലും, അതിൽ മയക്കുമരുന്നായിരുന്നുവെന്ന കാര്യം ഇവർ അറിഞ്ഞിരുന്നില്ല.

പിന്നീട് സ്ഥലത്തെത്തിയ സിഐഡി സംഘം നടത്തിയ പരിശോധനയിലാണ് പാർസലിൽ മയക്കുമരുന്നാണെന്ന് വ്യക്തമായത്. സ്പോൺസറുടെ മകന്റെ നിർദേശപ്രകാരമാണ് സാധനങ്ങൾ ഏറ്റുവാങ്ങിയതെന്ന് തൊഴിലാളികൾ വിശദീകരിച്ചതിനെ തുടർന്ന്, ആ നമ്പറിലേക്ക് തിരികെ വിളിക്കാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. എന്നാൽ ഫോണിൽ സംസാരിച്ചത് മൂത്ത മകനല്ല, ഇളയ മകനായിരുന്നുവെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. ഇയാളെ കസ്റ്റഡിയിലെടുത്ത് നടത്തിയ പരിശോധനയിൽ വീട്ടിൽനിന്നും സമാനമായ മയക്കുമരുന്ന് വസ്തുക്കൾ കണ്ടെത്തി. ഇതോടെ കടയിലുണ്ടായിരുന്ന രണ്ട് ജീവനക്കാരെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.