തിരുവനന്തപുരം: വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനെത്തിയ പതിനാലുകാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. പാറശാല പവതിയാൻവിള ആശാരിവിള വീട്ടിൽ അരുൺകുമാർ–ഷിബ ദമ്പതികളുടെ മകൻ അഭിനവാണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി ഏഴരയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. ചെങ്കൽ തോട്ടിൻകരയ്ക്ക് സമീപമുള്ള മണ്ഡപത്തിൽ നടന്ന വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു അഭിനവ്.
വിവാഹവേദിയിൽ അലങ്കാരത്തിനായി സ്ഥാപിച്ചിരുന്ന സീരിയൽ ലൈറ്റിന്റെ വയറിൽ നിന്നാണ് വൈദ്യുതാഘാതമേറ്റതെന്നാണ് പ്രാഥമിക വിവരം. വെള്ളത്തിൽ കിടന്നിരുന്ന വയറിൽ അബദ്ധത്തിൽ ചവിട്ടിയതിനെ തുടർന്നാണ് കുട്ടിക്ക് ഷോക്കേറ്റത്.
ഉടൻതന്നെ പാറശാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പാറശാല ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയായിരുന്നു അഭിനവ്. അഭിനയയാണ് സഹോദരി.
സംഭവത്തിൽ പാറശാല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിവാഹാഘോഷത്തിനിടെ ഉണ്ടായ ദുരന്തം പ്രദേശവാസികളെയും ബന്ധുക്കളെയും കണ്ണീരിലാഴ്ത്തി.