13 വർഷം കഴിഞ്ഞിട്ടും മറന്നില്ല ആ കടം! നാട്ടിലേക്ക് മടങ്ങിയ മലയാളിയെ തേടിപ്പിടിച്ച് നാട്ടിലെത്തി പണം തിരികെ നൽകി ഒമാൻ സ്വദേശി; സത്യസന്ധതയ്ക്ക് കൈയടി!

13 വർഷം കഴിഞ്ഞിട്ടും മറന്നില്ല ആ കടം! നാട്ടിലേക്ക് മടങ്ങിയ മലയാളിയെ തേടിപ്പിടിച്ച് നാട്ടിലെത്തി പണം തിരികെ നൽകി ഒമാൻ സ്വദേശി; സത്യസന്ധതയ്ക്ക് കൈയടി! 

വർഷങ്ങൾ എത്ര പിന്നിട്ടാലും ഒരാൾക്ക് നൽകാനുള്ള കടം മറക്കാതെ കാത്തുസൂക്ഷിച്ച ഒരു ഒമാൻ സ്വദേശിയുടെ പ്രവൃത്തിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. കൊല്ലം സ്വദേശിയായ പ്രവാസി മലയാളിക്ക് വർഷങ്ങൾക്ക് മുമ്പ് നൽകാനുണ്ടായിരുന്ന 425 ഒമാനി റിയാൽ ഏകദേശം 1.04 ലക്ഷം ഇന്ത്യൻ രൂപ ഒടുവിൽ അദ്ദേഹം നേരിട്ടെത്തി തിരികെ നൽകി.

അബുദാബിയിലെ അൽ ഐനിൽ സ്ഥാപനം നടത്തിയിരുന്ന മലയാളിയിൽ നിന്ന് സാധനങ്ങൾ വാങ്ങിയിരുന്ന കാലത്താണ് ഈ തുക നൽകാനുണ്ടായത്. 2013ൽ ബിസിനസുമായി ബന്ധപ്പെട്ട പ്രതിസന്ധികളും നിയമപ്രശ്നങ്ങളും ഉണ്ടായതോടെ പണം തിരിച്ചുനൽകാൻ സാധിച്ചില്ല. പിന്നീട് ഒൻപത് വർഷത്തോളം നീണ്ട നിയമനടപടികൾക്കൊടുവിൽ അനുകൂല വിധി ലഭിച്ചതോടെ പഴയ ബാധ്യത തീർക്കാനുള്ള ശ്രമം അദ്ദേഹം ആരംഭിച്ചു. എന്നാൽ ഇതിനിടെ 2023ൽ മലയാളി സ്ഥാപനം മറ്റൊരാൾക്ക് കൈമാറി നാട്ടിലേക്ക് മടങ്ങിയിരുന്നു.

മൂന്ന് വർഷത്തോളം നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഒമാൻ സ്വദേശിയായ മുഹമ്മദ് സെയ്ദ് മുഹമ്മദ് അബ്ദുള്ള അൽ കഅ്ബി മലയാളിയെ കണ്ടെത്തിയത്. ഒമാനിൽ ബിസിനസ് നടത്തുന്ന കല്ലമ്പലം സ്വദേശി സന്തോഷ് ചാത്തൻപാറയുടെയും നിസ്സാം തോട്ടക്കാടിന്റെയും സഹായത്തോടെ സമൂഹമാധ്യമങ്ങളിലൂടെ വിവരം പങ്കുവെച്ചതോടെയാണ് അദ്ദേഹത്തെ കണ്ടെത്താനായത്.

തന്റെ വിശ്വാസമനുസരിച്ച് മറ്റൊരാൾക്ക് നൽകാനുള്ള ബാധ്യതകൾ തീർക്കേണ്ടത് അനിവാര്യമാണെന്നും അതാണ് ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും പണം തിരികെ നൽകാൻ തന്നെ പ്രേരിപ്പിച്ചതെന്നും മുഹമ്മദ് സെയ്ദ് വ്യക്തമാക്കി. അപ്രതീക്ഷിതമായി പഴയ പണം കൈപ്പറ്റിയ മലയാളി അദ്ദേഹത്തെ സഹായിച്ച എല്ലാവർക്കും നന്ദി അറിയിച്ചു. വർഷങ്ങൾ കഴിഞ്ഞാലും വാക്കിനും വിശ്വാസത്തിനും വില നൽകുന്ന മനുഷ്യരുണ്ടെന്നതിന്റെ മനോഹരമായ ഉദാഹരണമായി ഈ സംഭവം മാറുകയാണ്.