*ആലംകോട് കൊച്ചുവിളയിൽ റാസ സൂപ്പർമാർക്കറ്റിന്റെ മുൻവാതിൽ തകർത്ത് മോഷണം; 12,000 രൂപയോളം കവർന്നു.*

ആറ്റിങ്ങൽ..ആലംകോട്: ദേശീയപാതയോരത്ത് ആലംകോട് കൊച്ചുവിളയിൽ പ്രവർത്തിക്കുന്ന റാസ സൂപ്പർമാർക്കറ്റിന്റെ മുൻവാതിൽ തകർത്ത് മോഷണം. ഇന്നലെ പുലർച്ചെയാണ് സംഭവം. കടയ്ക്കുള്ളിൽ അതിക്രമിച്ചുകയറിയ മോഷ്ടാക്കൾ ക്യാഷ് കൗണ്ടറിൽ സൂക്ഷിച്ചിരുന്ന ഏകദേശം 12,000 രൂപ അപഹരിച്ചു.

ഇരുചക്രവാഹനത്തിലാണ് മോഷ്ടാക്കൾ സ്ഥലത്തെത്തിയത്. ഹെൽമറ്റ് ഉൾപ്പെടെ ധരിച്ചെത്തിയ സംഘം സൂപ്പർമാർക്കറ്റിന്റെ മുൻവാതിൽ തകർത്താണ് അകത്തുകടന്നത്. തുടർന്ന് ക്യാഷ് കൗണ്ടറിലുണ്ടായിരുന്ന പണം കവർന്നശേഷം മോഷ്ടാക്കൾ കടന്നുകളയുകയായിരുന്നു.

ദേശീയപാതയ്ക്ക് തൊട്ടരികിലുള്ള വ്യാപാരസ്ഥാപനത്തിലാണ് പുലർച്ചെ മോഷണം നടന്നത്.

സംഭവത്തെക്കുറിച്ച് ആറ്റിങ്ങൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമാനമായ രീതിയിൽ സമീപപ്രദേശങ്ങളിലോ മറ്റ് സ്ഥലങ്ങളിലോ മോഷണങ്ങൾ നടന്നിട്ടുണ്ടോ എന്നും പൊലീസ് പരിശോധിച്ചുവരികയാണ്.

മോഷണത്തിന് പിന്നിലുള്ളവരെ കണ്ടെത്തുന്നതിനും സമാന സംഭവങ്ങളുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കുന്നതിനുമാണ് അന്വേഷണം നടക്കുന്നത്.