ഓഫീസ് സമയത്തിന് ശേഷം തേങ്ങ വിറ്റ് യുവതി സമ്പാദിച്ചത് 1.17 കോടി രൂപ; കണക്കിൽപ്പെടാത്ത പണമെന്ന് ആദായനികുതി വകുപ്പ്; ഒടുവിൽ ആശ്വാസം

ഓഫീസ് സമയത്തിന് ശേഷം തേങ്ങ വിറ്റ് യുവതി സമ്പാദിച്ച 1.17 കോടി രൂപ കണക്കിൽപ്പെടാത്ത പണമെന്ന് ആദായനികുതി വകുപ്പ്. ഉറവിടം വ്യക്തമാക്കാത്ത പണമെന്ന ആദായനികുതി വകുപ്പിന്റെ വാദം തള്ളി യുവതിക്ക് ആശ്വാസം നൽകി ചെന്നൈയിലെ ആദായനികുതി അപ്പലേറ്റ് ട്രൈബ്യൂണൽ (ITAT).നാഗർകോവിലിലെ ഒരു പ്രമുഖ കമ്പനിയിൽ ജീവനക്കാരിയായിരുന്ന അനിത എന്ന യുവതിയാണ് ഓഫീസ് സമയത്തിന് ശേഷം തേങ്ങ കച്ചവടത്തിലൂടെ വരുമാനം കണ്ടെത്തിയത്. കന്യാകുമാരി ജില്ലയിലുള്ള ആളുകളുമായി ബന്ധപ്പെട്ടായിരുന്നു കച്ചവടം നടത്തിയത്.
കർഷകരിൽ നിന്ന് തെങ്ങിൻതോപ്പുകൾ പാട്ടത്തിനെടുത്ത ശേഷം തൊഴിലാളികളെ വെച്ച് തേങ്ങ വിളവെടുക്കുകയും, മറ്റ് കർഷകരിൽ നിന്ന് നേരിട്ട് തേങ്ങ വാങ്ങുകയും, അവ ഭാഗികമായി പൊതിച്ച ശേഷം വിപണിയിൽ വിൽക്കുകയുമായിരുന്നു അനിത ചെയ്തിരുന്നത്.
തേങ്ങ കച്ചവടം പച്ചപിടിച്ചതോടെ 2020-21 അസസ്‌മെന്റ് വർഷത്തിൽ അവർ തന്റെ ബാങ്ക് അക്കൗണ്ടിൽ 1.17 കോടി രൂപ പണമായി നിക്ഷേപിച്ചു. തേങ്ങ വിറ്റുകിട്ടിയ പണമാണിതെന്നായിരുന്നു അവരുടെ വിശദീകരണം. വലിയ തുക പണമായി നിക്ഷേപിച്ചതിനെത്തുടർന്ന് ആദായനികുതി വകുപ്പ് അസസ്സിംഗ് ഓഫീസർ (AO) അവരുടെ ഫയൽ സൂക്ഷ്മപരിശോധനയ്ക്കായി (Scrutiny) തുറക്കാൻ തീരുമാനിച്ചു. 25 ലക്ഷം രൂപ വാർഷിക ശമ്പളമുള്ള നാഗർകോവിലുകാരിയായ ഒരു സാധാരണ ജീവനക്കാരി മാത്രമാണ് അനിത എന്നായിരുന്നു ഉദ്യോഗസ്ഥന്റെ അറിവ്; അവർ തേങ്ങ കച്ചവടം നടത്തുന്ന കാര്യം ഉദ്യോഗസ്ഥന് അറിയില്ലായിരുന്നു. അതിനാൽ, സൂക്ഷ്മപരിശോധനാ നടപടികളിൽ പ്രധാനമായും പരിശോധിക്കപ്പെട്ടത് ഈ 1.17 കോടി രൂപയുടെ ഉറവിടമായിരുന്നു.
അന്വേഷണത്തോട് പൂർണ്ണമായും സഹകരിച്ച അനിത ആദായനികുതി നോട്ടീസിന് നൽകിയ മറുപടിയിൽ, പാട്ടത്തിനെടുത്ത തോട്ടങ്ങളിൽ നിന്ന് വിളവെടുത്ത തേങ്ങകൾക്ക് പുറമെ സമീപ ഗ്രാമങ്ങളിലെ കർഷകരിൽ നിന്ന് നേരിട്ടും തേങ്ങ വാങ്ങി ഭാഗികമായി പൊതിച്ച് വിപണിയിൽ വിൽക്കാറുണ്ടെന്ന് വിശദീകരിച്ചു. ആദായനികുതി നിയമത്തെക്കുറിച്ചുള്ള തന്റെ ധാരണയനുസരിച്ച് തേങ്ങ വിൽപ്പന പ്രധാനമായും ഒരു കാർഷിക പ്രവർത്തനമാണെന്നാണ് കരുതിയിരുന്നതെന്നും അവർ വകുപ്പിനെ അറിയിച്ചു. എന്നാൽ, പിന്നീട് അവർ തന്റെ നിലപാട് മാറ്റുകയും അപ്‌ഡേറ്റഡ് റിട്ടേൺ (ITR-U) ഫയൽ ചെയ്തുകൊണ്ട് സെക്ഷൻ 44AD പ്രകാരമുള്ള അനുമാന നികുതി (Presumptive taxation) വ്യവസ്ഥയിൽ ഇതിനെ ബിസിനസ് വരുമാനമായി പ്രഖ്യാപിക്കുകയും ചെയ്തു. എങ്കിലും കൃത്യമായ അക്കൗണ്ട് ബുക്കുകളോ സാമ്പത്തിക രേഖകളോ അവർ സൂക്ഷിച്ചിരുന്നില്ല.


എന്നാൽ അനിതയുടെ വിശദീകരണം അസസ്സിംഗ് ഓഫീസർ തള്ളിക്കളഞ്ഞു. 1.17 കോടി രൂപ ഉറവിടം വ്യക്തമാക്കാത്ത പണമാണെന്നും അതിന് നികുതി നൽകേണ്ടതുണ്ടെന്നും വിധിച്ചു. തെങ്ങിൻതോപ്പുകളിൽ നിന്നുള്ള കാർഷിക പ്രവർത്തനങ്ങളിലൂടെയും തേങ്ങ വിൽപ്പനയിലൂടെയുമാണ് പണം ലഭിച്ചതെന്ന് അവർ അവകാശപ്പെട്ടെങ്കിലും, ഈ പ്രവർത്തനങ്ങൾ യഥാർത്ഥത്തിൽ നടത്തിയെന്ന് തെളിയിക്കുന്ന തൃപ്തികരമായ രേഖകളൊന്നും ഹാജരാക്കിയില്ലെന്നായിരുന്നു ഉദ്യോഗസ്ഥന്റെ വാദം.
ഇതിനെതിരെ അനിത, ചെന്നൈയിലെ ആദായനികുതി അപ്പലേറ്റ് ട്രൈബ്യൂണലിൽ (ITAT) അപ്പീൽ നൽകി. 2026 നവംബർ 16-ന് അനിതയ്ക്ക് കേസിൽ ഭാഗികമായ വിജയം ലഭിച്ചു. അനിതയുടെ തേങ്ങ കച്ചവടം ഒരു ബിസിനസ് വരുമാനം തന്നെയാണെന്ന് അംഗീകരിച്ച ചെന്നൈ ഐ.ടി.എ.ടി, ഐ.ടി.ആർ-യുവിൽ സെക്ഷൻ 44AD പ്രകാരം അവർ ഇതിനകം നികുതിക്കായി കാണിച്ച 10.216 ലക്ഷം രൂപയ്ക്ക് പുറമെ, 1.177 കോടി രൂപയുടെ 8 ശതമാനമായ 9.416 ലക്ഷം രൂപ കൂടി അധിക ബിസിനസ് വരുമാനമായി ചേർക്കാൻ അസസ്സിംഗ് ഓഫീസർക്ക് നിർദ്ദേശം നൽകി.

അനിത കൃത്യമായ അക്കൗണ്ട് ബുക്കുകൾ, പർച്ചേസ് ബില്ലുകൾ, സെയിൽസ് ഇൻവോയ്‌സുകൾ, സ്റ്റോക്ക് രജിസ്റ്ററുകൾ, മറ്റ് അനുബന്ധ രേഖകൾ എന്നിവ സൂക്ഷിച്ചിരുന്നില്ല എന്ന കാരണത്താലാണ് അസസ്സിംഗ് ഓഫീസർ അനിതയുടെ വിശദീകരണം പ്രധാനമായും തള്ളിക്കളഞ്ഞത്. എന്നാൽ, അനിതയുടെ ബാങ്ക് ഓവർഡ്രാഫ്റ്റ് അക്കൗണ്ടിലാണ് പണം നിക്ഷേപിച്ചിരിക്കുന്നതെന്ന വസ്തുത ചെന്നൈ ഐ.ടി.എ.ടി പരിഗണിച്ചു. കറന്റ് അക്കൗണ്ടുകളും ഓവർഡ്രാഫ്റ്റ് സൗകര്യങ്ങളും സാധാരണയായി ബിസിനസ് അല്ലെങ്കിൽ വാണിജ്യ ഇടപാടുകളുമായി ബന്ധപ്പെട്ടവയാണ്; അവയിൽ പതിവായി പണം സ്വീകരിക്കുന്നതും നൽകുന്നതും കൈമാറ്റം ചെയ്യുന്നതും നടക്കുന്നതിനാൽ അവർ തേങ്ങ കച്ചവടം നടത്താൻ സാധ്യതയുണ്ടെന്നും ട്രൈബ്യൂണൽ വിലയിരുത്തി.
പണത്തെ അടിസ്ഥാനമാക്കിയുള്ള വ്യാപാര പ്രവർത്തനങ്ങളിൽ, പ്രത്യേകിച്ച് തേങ്ങ പോലുള്ള കാർഷിക ഉൽപ്പന്നങ്ങളുടെ കച്ചവടത്തിൽ, പണം ശേഖരിച്ച് റൗണ്ട് ഫിഗറുകളായി (പൂർണ്ണ സംഖ്യകളായി) ബാങ്കിൽ നിക്ഷേപിക്കുന്നത് അസാധാരണമല്ലെന്നും ചെന്നൈ ഐ.ടി.എ.ടി നിരീക്ഷിച്ചു.

കൂടാതെ, അനിതയുടെ തേങ്ങ കച്ചവടവുമായി ബന്ധപ്പെട്ട കർഷകരുടെയും മറ്റ് ആളുകളുടെയും മൊഴികളും അവരുടെ വാദം തെളിയിക്കാൻ സഹായിച്ചു. ആദായനികുതി വകുപ്പ് ഈ മൊഴികളെയും സ്ഥിരീകരണങ്ങളെയും ചോദ്യം ചെയ്യുകയോ അവ വ്യാജമാണെന്ന് പറയുകയോ ചെയ്തിട്ടില്ലെന്നും ചെന്നൈ ഐ.ടി.എ.ടി ചൂണ്ടിക്കാട്ടി.