തിരുവനന്തുപരം :നാളെ രാത്രി മുതല്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. വൈദ്യുതി ലഭ്യത ഉറപ്പാക്കാനായി ആറ് സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തിയെങ്കിലും അനുകൂല ഫലമുണ്ടായില്ല. മതിയായ വൈദ്യുതി ലഭ്യമല്ലാതായാല്‍ നിയന്ത്രണം അനിവാര്യമായി വരുമെന്നാണ് ബോര്‍ഡ് വ്യക്തമാക്കുന്നത്.
നിലവില്‍ 800 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് സംസ്ഥാനത്തുള്ളത്. ചൂട് കനത്ത് ഉപഭോഗം വര്‍ധിച്ചാല്‍ രാത്രികാലങ്ങളിലെ വൈദ്യുതിയുടെ കുറവ് ആയിരം മെഗാവാട്ട് കടക്കുമെന്നാണ് കണക്കാക്കുന്നത്. കെഎസ്ഇബി ചെയര്‍മാന്‍ വിവിധ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയെങ്കിലും വൈദ്യുതി ലഭ്യത ഉറപ്പിക്കാനായില്ല. തത്സമയ മാര്‍ക്കറ്റില്‍ നിന്നും മുന്നൂറ് മെഗാവാട്ടോളം വൈദ്യുതി വാങ്ങാന്‍ സാധിച്ചേക്കുമെന്നത് മാത്രമാണ് നിലവിലെ ചെറിയ ആശ്വാസം.
കേന്ദ്ര വിഹിതം കൂടുതല്‍ അനുവദിക്കുന്നതിനുള്ള സാധ്യതകള്‍ തേടുന്നുണ്ടെന്നും വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനുള്ള എല്ലാ വഴികളും അന്വേഷിച്ചുവരികയാണെന്നും കെഎസ്ഇബി ചെയര്‍മാന്‍ എം.ജി രാജമാണിക്യം അറിയിച്ചു. കൂടിയ വില നല്‍കി ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള വൈദ്യുതി വാങ്ങേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും മറ്റ് ബദല്‍ മാര്‍ഗങ്ങളൊന്നും ഇതുവരെ നിര്‍ദേശിക്കപ്പെട്ടിട്ടില്ല.
റിയല്‍ മാര്‍ക്കറ്റിലെ വൈദ്യുതി ലഭ്യതയാണ് നിലവിലെ പ്രതിസന്ധി പരിഹരിക്കാനുള്ള ഏക പോംവഴി. മറ്റ് സംസ്ഥാനങ്ങളിലെ വൈദ്യുതി ആവശ്യകതയില്‍ കുറവുണ്ടായാലും നിയന്ത്രണം മറികടക്കാന്‍ സാധിക്കും. ഹിമാചലില്‍ നിന്നുള്ള വൈദ്യുതിയുടെ ഒരുമാസത്തെ കരാര്‍ രണ്ട് ദിവസത്തിനുള്ളില്‍ അവസാനിക്കാനിരിക്കെ, പ്രതിസന്ധി പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് കെഎസ്ഇബി അധികൃതര്‍.