വെഞ്ഞാറമൂട് പുതുവൽവിള മണ്ഡപക്കുന്ന് പൂന്തൻവീട്ടിൽ ശിവജിത്ത് (23), ആലന്തറ നീർച്ചാൽ വീട്ടിൽ അക്ഷയ് (23) എന്നിവരെയാണ് പോലീസ് കോഴിക്കോട് നിന്ന് പിടികൂടിയത്.
​രണ്ടാംവർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായ അൽ അമീൻ (21) ആണ് ആക്രമണത്തിൽ പരുക്കേറ്റത്. മേയ് 24ന് രാത്രി കോളേജിൽ പൂർവവിദ്യാർത്ഥികളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച ‘ഇംപൾസ്’ പരിപാടിക്കിടെയാണ് സംഭവം. പരിപാടിക്കായി പള്ളി ഗേറ്റ് വഴി പുറത്തുനിന്നെത്തിയവരും കോളേജ് വിദ്യാർത്ഥികളും തമ്മിലുണ്ടായ സംഘർഷത്തിനിടെയാണ് അൽ അമീന് പരുക്കേറ്റത്.
​കേസിലെ ഒന്നാം പ്രതിയായ ശിവജിത്ത് കയ്യിൽ കരുതിയിരുന്ന ഇടിവള ഉപയോഗിച്ച് അൽ അമീന്റെ മൂക്കിന്റെ ഇടതുഭാഗത്തും ഇടത് പുരികത്തിലും കണ്ണിലും ഇടിച്ചതായി പോലീസ് പറഞ്ഞു.
​ഗുരുതരമായി പരുക്കേറ്റ അൽ അമീൻ തിരുവനന്തപുരം കണ്ണാശുപത്രിയിൽ ചികിത്സ തേടുകയും ഇടതുകണ്ണിന് ശസ്ത്രക്രിയ നടത്തുകയും ചെയ്തു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതികളെ കോഴിക്കോട് നിന്നാണ് പിടികൂടിയത്. സംഭവത്തിൽ പ്രതികളിൽ ഒരാൾ കൂടി ഇനി പിടിയിലാകാൻ ഉള്ളതായാണ് അറിയുന്നത്..