തിരുവനന്തപുരം: കേരള ലോ എൻട്രൻസ് പരീക്ഷ (KLEE) 2026-ന്റെ റിസൾട്ടിൽ ഉണ്ടായതായി ആരോപിക്കപ്പെടുന്ന ഗുരുതരമായ സാങ്കേതിക അപാകതകളും ക്രമക്കേടുകളും സംബന്ധിച്ച് കെ.എസ്.യു തിരുവനന്തപുരം ജില്ലാ ഭാരവാഹികളായ മുരുക്കുംപുഴ വിഷ്ണു , വിശാഖൻ പി എൽ തുടങ്ങിയവർ ഉന്നത വിദ്യാഭ്യാസ മന്ത്രി ശ്രീ. റോജി എം. ജോണിന് സമർപ്പിച്ച പരാതിയിൽ നടപടി. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് മന്ത്രി നിർദ്ദേശം നൽകി.
പരാതി ഗൗരവമായി പരിഗണിച്ച മന്ത്രി, പരീക്ഷാ നടത്തിപ്പും ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുള്ള ആരോപണങ്ങളിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദേശം നൽകിയിരിക്കുന്നത്. അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ തുടർനടപടികൾ അടിയന്തരമായി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
KLEE 2026 പരീക്ഷയുടെ പ്രൊവിഷണൽ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതിന് പിന്നാലെ അത് പിൻവലിച്ച് പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതും, കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ (CBT) വിദ്യാർത്ഥികൾ രേഖപ്പെടുത്തിയ ഉത്തരങ്ങളും പിന്നീട് ലഭ്യമായ Response Data-യും തമ്മിൽ പൊരുത്തക്കേടുകൾ ഉണ്ടായെന്നുമുള്ള വ്യാപക പരാതികളുമാണ് നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നത്. പരീക്ഷയുടെ സുതാര്യതയും മൂല്യനിർണയ പ്രക്രിയയുടെ വിശ്വാസ്യതയും സംശയത്തിന്റെ നിഴലിലാണെന്നും, വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തി വിദ്യാർത്ഥികൾക്ക് നീതി ഉറപ്പാക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.
വിദ്യാർത്ഥികളുടെ പരാതികളിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് അന്വേഷണം പ്രഖ്യാപിച്ച നടപടി, പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിലേക്ക് നിർണായക ചുവടുവെപ്പാകുമെന്ന പ്രതീക്ഷയിലാണ് വിദ്യാർത്ഥികൾ.
