പ്ലസ് വൺ വിദ്യാർത്ഥികളുടെ പ്രവേശനോത്സവ ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിച്ച ശേഷം വേദിയിലെ കസേരയിൽ വന്നിരിക്കുകയായിരുന്നു അജികുമാർ. ഇതിനിടെ തനിക്ക് കടുത്ത ക്ഷീണം അനുഭവപ്പെടുന്നുവെന്ന് അദ്ദേഹം സംഘാടകരെ ആംഗ്യത്തിലൂടെ അറിയിച്ചു. തുടർന്ന് വേദിയിലുണ്ടായിരുന്നവർ ഫാൻ അദ്ദേഹത്തിന് നേരെ തിരിച്ചു വച്ചുകൊടുത്തു. അൽപ്പസമയത്തിനകം കുപ്പി വെള്ളം തുറന്നു കുടിച്ച അജികുമാർ പെട്ടെന്ന് കസേരയിൽ നിന്ന് കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻ തന്നെ സംഘാടകരും അധ്യാപകരും ചേർന്ന് അദ്ദേഹത്തെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരു മണിക്കൂറിനകം ജീവൻ നഷ്ടപ്പെടുകയായിരുന്നു. കുന്നത്തുകാൽ ഗോകുലം സ്വദേശിയാണ് മരണപ്പെട്ട അജികുമാർ. ഭാര്യ: എൽ.പി. സ്മിത. മക്കൾ: എസ്. അഞ്ജിത, എ. അശ്വിൻ. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ നടക്കും
