ഇറാൻ-യുഎസ് യുദ്ധത്തെ തുടർന്ന് സർവീസ് നിർത്തിവെച്ചിരുന്ന ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസ് പുനരരാംഭിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്. വ്യോമപാതകൾ വീണ്ടും സുരക്ഷിതമായ പശ്ചാത്തലത്തിലാണ് ഒമാനിലെ സലാല, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ എയർലൈൻ പുനഃസ്ഥാപിച്ചത്. കോഴിക്കോട്-സലാല റൂട്ടിലെ വിമാന സർവീസുകൾ ജൂലൈ മൂന്ന് മുതലും ബെംഗളൂരുവിൽ നിന്ന് കുവൈത്ത് സർവീസുകൾ ജൂലൈ നാല് മുതലും പുനരാരംഭിക്കും. 

കോഴിക്കോട്-സലാല സർവീസ് ആഴ്ചയിൽ രണ്ട് തവണ ഉണ്ടാകുമെന്ന് എയർ ഇന്ത്യ ബഡ്ജറ്റ് ഗ്രൂപ്പിന്റെ ബഡ്ജറ്റ് എയർലൈൻ് അറിയിച്ചു. കോഴിക്കോട്-കുവൈത്ത് സർവീസുകൾ ആദ്യഘട്ടത്തിൽ ജൂലൈ മൂന്ന് മുതൽ ആഴ്ചയിൽ ഒന്ന് എന്ന നിലയിലായിരിക്കും സർവീസ് പുനനരാംഭിക്കുക.

യുദ്ധസമാനമായ സാഹചര്യത്തെത്തുടർന്ന് സർവീസുകൾ മുടങ്ങിയത് ഗൾഫ് മേഖലയിലുള്ള ആയിരക്കണക്കിന് മലയാളി പ്രവാസികളെ കടുത്ത യാത്രാക്ലേശത്തിലാക്കിയിരുന്നു. വിമാന സർവീസുകൾ സാധാരണ നിലയിലായതോടെ പ്രവാസികൾക്ക് നാട്ടിലേക്കും തിരിച്ചുമുള്ള യാത്രകൾ ഇനി സുഗമമാകും. സുരക്ഷാ സാഹചര്യങ്ങൾ പൂർണ്ണമായും വിലയിരുത്തിയ ശേഷമാണ് വിമാനങ്ങൾ വീണ്ടും പറന്നുയരാൻ തുടങ്ങിയതെന്നും, വരും ദിവസങ്ങളിൽ ഈ മേഖലയിലേക്കുള്ള സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കുമെന്നും എയർലൈൻ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.